പമ്പ അണക്കെട്ട് ഉടന്‍ തുറക്കും, ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

പത്തനംതിട്ട : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പമ്പ അണക്കെട്ട് ഉടന്‍ തന്നെ തുറക്കാന്‍ തീരുമാനം. അരമണിക്കൂറിനുള്ളില്‍ തുറക്കുമെന്നാണ് വിവരം. ആറ് ഷട്ടറുകള്‍ രണ്ട് അടി വീതം ഉടന്‍ തുറക്കാനാണ് സാധ്യത. പമ്പാ നദിയില്‍ 40 സെന്റീമീറ്റര്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ഡാം തുറന്നാല്‍ അഞ്ച് മണിക്കൂര്‍ കൊണ്ട് ജലം റാന്നിയിലെത്തും. പമ്പാ നദീതീരത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം സെക്കന്‍ഡില്‍ 82 ക്യുബിക് മീറ്റര്‍ വെള്ളമാണ് ഡാമില്‍ നിന്ന് ഒഴുകിയെത്തുന്നത്.

9 മണിക്കൂര്‍ സമയം ഷട്ടറുകള്‍ തുറന്നു വെക്കുകയും ചെയ്യും. 98മീറ്ററില്‍ ജലം ക്രമീകരിക്കാനാണ് നീക്കം. ഇപ്പോള്‍ നിയന്ത്രിമായ അളവില്‍ വെള്ളം തുറന്ന് വിടേണ്ടതിന്റെ ആവശ്യകതയും കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് വലിയ അളവില്‍ വെള്ളം ഒഴുക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇതെന്നാണ് പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. റാന്നിയിലേക്ക് ഏകദേശം 5 മണിക്കൂറിനുള്ളില്‍ വെള്ളം ഒഴുകിയെത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Loading...