25 കോടിയുടെ കൊക്കെയ്‌ൻ കൊണ്ടുവന്നത് കൊച്ചിയിലെ ഒരു ഹോട്ടലിലേക്ക് : കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം പിടികൂടിയ 4.8 കിലോഗ്രാം കൊക്കെയ്ൻ കൊച്ചിയിലെ ഒരു ഹോട്ടലിലേക്കാണ് കൊണ്ടുവന്നതെന്ന് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ജോനായെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. നർകോട്ടിക് കൺട്രോൾ ബ്യൂറോയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് യുവതിയെ കസ്‌റ്റഡിയിലെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ 25 കോടി രൂപ വിലവരുന്ന കൊക്കെയ്നാണ് പിടികൂടിയത്. ട്രോളി ബാഗിനുള്ളിൽ ഒളിപ്പിച്ചായിരുന്നു കൊക്കെയ്‌ൻ കൊണ്ടുവന്നത്. കൊക്കെയ്ൻ കടത്താൻ ശ്രമിച്ച ഫിലിപ്പീൻസുകാരി ജോനോയ്ക്കായി ഹോട്ടലിൽ മുറി ബുക്ക് ചെയ്തിരുന്നു.

മുറി ബുക്ക് ചെയ്തതിന്റെ വിവരങ്ങൾ വാട്സ് ആപ്പ് വഴി ജോനായ്ക്ക് കൈമാറുകയും ചെയ്തിരുന്നു. വിദേശത്ത് നിന്നാണ് മുറി ബുക്ക് ചെയ്തത്. ബ്രസീലിലെ സാവോപോളോയിൽ നിന്ന് എത്യോപ്യയിലെ അഡിസ് അബാബയിലേക്കും പിന്നീട് മസ്‌കറ്റിലുമെത്തിയ യുവതി ഒമാൻ എയർവേയ്‌സിൽ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങുകയായിരുന്നു.

Loading...

കഴിഞ്ഞ നവംബർ 21ന് നെടുമ്പാശേരി വിമാനത്താവളത്തിൽ പരാഗ്വേ സ്വദേശി അലക്‌സിസ് റെഗലാഡോ ഫെർണാണ്ടസിൽ നിന്ന് 12 കോടിയുടെ കൊക്കെയ്‌ൻ നർകോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടിയിരുന്നു. കഴിഞ്ഞ മാസം വെനിസ്വലേനിയൻ സ്വദേശിയിൽ നിന്ന് ഒരു കോടിയുടെ കൊക്കെയ്‌നും പിടികൂടി.