സെക്രട്ടേറിയറ്റ്‌ ജീവനക്കാർക്ക് കൂട്ടത്തോടെ കൊവിഡ്; ഭരണത്തിലും കൊറോണ പ്രതിസന്ധി

തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ ജീവനക്കാർക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ചതിനെത്തുടർന്ന്‌ സെക്രട്ടേറിയറ്റ്‌ പ്രവർത്തനം സ്‌തംഭനാവസ്ഥയിൽ. വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിൽ പകുതിയോളം ആളുകൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സെക്രട്ടറിയേറ്റിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫീസുകളിലെ ജീവനക്കാർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സെക്രട്ടറിയേറ്റിലെ സെൻട്രൽ ലൈബ്രറി അടച്ചു. സാമ്പത്തിക വർഷം അവസാനമായതിനാൽ, പദ്ധതിനടത്തിപ്പ് താളംതെറ്റുമെന്ന ആശങ്കയാണ് അധികൃതർ ഉയർത്തുന്നത്. ജീവനക്കാരുടെ കണക്കുകൾ പ്രകാരം, ഏകദേശം 72 പേർക്കാണ് ഇന്നലെ മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത്.

Loading...

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയ്‌ക്കും വൈറസ് ബാധിച്ചിട്ടുണ്ട്. കൂടാതെ, വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്കും കൊറോണ ബാധ സ്ഥിരീകരിച്ചു. അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.