തട്ടിക്കൊണ്ടു പോയ യുവാവ് കൊല്ലപ്പെട്ട നിലയിൽ; ഉത്സവത്തിനിടയിലെ സംഘർഷം കൊലപാതകത്തിൽ കലാശിച്ചു

തിരുവനന്തപുരം: നഗരത്തിൽ നിന്നും പട്ടാപ്പകൽ തട്ടിക്കൊണ്ടു പോയ യുവാവിനെ കൊല്ലപ്പെട നിലയിൽ കണ്ടെത്തി. കൊഞ്ചിറവിള സ്വദേശി അനന്ദു ഗിരീഷിനെയാണ് കൊലപ്പെടുത്തിയത്. കരമനയിലെ ബൈക്ക് ഷോറൂമിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് ഇയാളെ തട്ടിക്കൊണ്ടു പോയത്. തളിയില് അരശൂമൂട് വച്ചാണ് തട്ടിക്കൊണ്ട് പോയത്.

ബൈക്കിൽ കരമന ഭാഗത്തേക്ക് പോവുകയായിരുന്ന അനന്ദുവിനെ രണ്ട് പേർ ചേർന്ന് അക്രമിച്ച് തട്ടിക്കൊണ്ടു പോകുകയായിരുന്നു.

അനന്ദുവിന്‍റെ ഫോണിലേക്ക് സുഹൃത്ത് വിളിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നു. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ അനന്ദുവും മറ്റൊരു സംഘവുമായി തർക്കമുണ്ടായിരുന്നു.

ഇതിനെ തുടർന്നാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവം ഉണ്ടായിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. അക്രമി സംഘത്തെ കണ്ടെത്താൻ പൊലീസ് ശ്രമം ഊർജിതമാക്കിയിട്ടുണ്ട്. കരമന പൊലീസാണ് കേസിന്‍റെ അന്വേഷണം.