ആലപ്പുഴ: ഗർഭം വ്യാജമായി അഭിനയിച്ച് ആശുപത്രിയിൽ കുട്ടികളുടെ മാല മോഴ്ടിക്കുന്നതിനിടെ തമിഴ് നാട് സ്വദേശികൾ അറസ്റ്റിൽ.ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഫാര്‍മസിക്കു മുന്നില്‍ ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞിന്‍റെ മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് മധുര സ്വദേശിനികള്‍ പിടിയിലായത്.ഗര്‍ഭിണിയാണെന്നും മരുന്നുവാങ്ങാന്‍ വന്നതാണെന്നുമായിരുന്നു വിശദീകരണം.

ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഫാര്‍മസിയില്‍ മരുന്ന് വാങ്ങാന്‍ കാത്തുനിന്ന ഒരമ്മയുടെ കൈയ്യിലിരുന്ന് ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞ് നിര്‍ത്താതെ കരയുന്നതു ശ്രദ്ധിച്ചു തിരിഞ്ഞു നോക്കുമ്പോഴാണു കുഞ്ഞിന്‍റെ കഴുത്തിലെ മാലയില്‍ നാടോടിയെന്നു തോന്നിക്കുന്ന സ്ത്രീ പിടിമുറുക്കിയിരിക്കുന്നതു കണ്ടത്. ഇവര്‍ക്കൊപ്പം മറ്റൊരു സ്ത്രീകൂടി ഉണ്ടായിരുന്നു.താമസം വൈറ്റിലയിലാണെന്നുപറഞ്ഞതോടെ പൊലീസിനു സംശയമായി. മരുന്നുവാങ്ങാന്‍ കൊച്ചിയില്‍ നിന്ന് ആലപ്പുഴയില്‍ എത്തിയതെന്തിനെന്ന ചോദ്യത്തിനു മറുപടി നൽകാതെ പരുങ്ങിയപ്പോൾ വനിത പൊലീസ് ഇവരെ പരിശോധിക്കുകയായിരുന്നു. ഗർഭിണിയാണെന്നു കാണിക്കാൻ തുണിചുറ്റി വയർ വീര്‍പ്പിച്ചെടുക്കുകയായിരുന്നു. മധുര സ്വദേശിനികളാണെന്നും പേര് ദേവി , ലക്ഷ്മി എന്നിങ്ങനെയാണെന്നും ഇവർ പറഞ്ഞു. അമ്പലപ്പുഴ പൊലീസ് കേസെടുത്തു.