മൊബൈലിന്റെ വാള്‍പേപ്പറില്‍ മലയാളി ഫോട്ടോ, ഇതരസംസ്ഥാനക്കാരന്‍ കുടുങ്ങിയത് ഇങ്ങനെ

കൊച്ചി: മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ കടയില്‍ വില്‍ക്കാനെത്തിയ ഇതര സംസ്ഥാനക്കാരനായ യുവാവ് പിടിയില്‍. അസം സ്വദേശിയായ ഇക്രമുല്‍ ഇസ്‌ളാമിനെയാണ് മോഷണക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച മൊബൈല്‍ ഫോണിലെ വാള്‍പേപ്പറാണ് ഇയാളെ കുരുക്കിയത്.

മൊബൈല്‍ ഫോണിന്റെ ഉടമ ഇട്ടിരുന്ന വാള്‍പേപ്പര്‍ മാറ്റാതെയാണ് ഇയാള്‍ വില്‍ക്കാനായി ഹൈക്കോര്‍ട്ട് ജംഗ്ഷന് സമീപത്തെ കടയിലേക്ക് കൊണ്ടുവന്നത്. മൊബൈലിന്റെ സ്‌ക്രീനില്‍ മലയാളിയുടെ ഫോട്ടോ കണ്ട കടയുടമ ഫോണ്‍ മോഷ്ടിച്ചതാണെന്ന് മനസിലാക്കുകയും അക്കാര്യം ഉടനെ തന്നെ പൊലീസില്‍ അറിയിക്കുകയുമായിരുന്നു.

Loading...

എറണാകുളത്തെ എസ്.ആര്‍.എം റോഡിലുള്ള സിദ്ര പ്രിസ്റ്റീന്‍ ഹോട്ടലിന്റെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ കയറിയായാണ് സെപ്തംബര്‍ 28ന് മൊബൈല്‍ മോഷ്ടിച്ചതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

മുറിയില്‍ താമസിച്ചിരുന്ന എല്ലാവരും തൊട്ടടുത്തുള്ള മെസിലേക്ക് ഭക്ഷണം കഴിക്കാന്‍ പോയ തക്കം നോക്കിയാണ് ഇക്രമുല്‍ മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തിട്ടുണ്ട്.