മോഷ്ടിച്ച എടിഎം കാര്‍ഡ് ഉപയോഗിച്ച് അരലക്ഷം രൂപ പിന്‍വലിച്ച യുവാവ് കുടുങ്ങിയത് ഇങ്ങനെ

കാസര്‍ഗോഡ് : ട്രെയിനില്‍ മോഷണം നടത്തി വന്ന യുവാവ് റെയില്‍വേ പൊലീസിന്റെ പിടിയിലായി. കണ്ണൂര്‍ ചൊവ്വയിലെ സുല്‍ത്താന്‍ എന്ന നാഷിദ് ഷെയ്ക്ക് (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കോയമ്ബത്തൂരില്‍ നിന്നുള്ള വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസില്‍ കാഞ്ഞങ്ങാടേക്ക് വന്ന യാത്രക്കാരിയുടെ പണമടങ്ങിയ ബാഗ് മോഷണം പോയിരുന്നു.

ബാഗില്‍ നിന്നു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ എടിഎമ്മില്‍ നിന്നും ബസ് സ്റ്റാന്‍ഡ് പരിസരത്തെ എടിഎമ്മില്‍ നിന്നുമായി 54,000 രൂപ പിന്‍വലിക്കുകയും ചെയ്തു. ഈ കളവുമായി ബന്ധപ്പെട്ടാണ് ആര്‍പിഎഫ് നാഷിദ് ഷെയ്ക്കിനെ അറസ്റ്റ് ചെയ്തത്.

Loading...

ആര്‍പിഎഫ് പാലക്കാട് കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച്‌ അന്വേഷണം നടത്തുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്നും പ്രതി പിടിയിലായത്. പല സ്‌റ്റേഷനുകളിലായി ഒട്ടേറെ കേസുകളില്‍ പ്രതിയാണ് നാഷിദെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.

ഇയാള്‍ക്കെതിരെ നിരവധി സ്റ്റേഷനുകളില്‍ അറസ്റ്റ് വാറണ്ടുള്ളതായി ആര്‍ പി എഫ് വ്യക്തമാക്കി. പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി കാസര്‍കോട് ആര്‍ പി എഫിന് കൈമാറിയിട്ടുണ്ട്. കാസര്‍കോട് ആര്‍ പി എഫ് ഇന്‍സ്‌പെക്ടര്‍ പി വിജയകുമാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ പി ബിനീഷ്, ദേവരാജ്, ബൈജു തുടങ്ങിയവരാണ് അന്വേഷണം നടത്തുന്നത്.