കേന്ദ്ര സേനയുടെ ആവശ്യമില്ല; കേരള പോലീസ് സംരക്ഷണം ഒരുക്കും

തിരുവനന്തപുരം. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സുരക്ഷയൊരുക്കാന്‍ കേന്ദ്ര സേനയുടെ ആവശ്യമില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സുരക്ഷ നല്‍കുവാന്‍ കേരള പൊലീസ് പര്യാപ്തമാണ്. കേരളം കേന്ദ്രസേനയെ ആവശ്യപ്പെട്ടില്ലെന്നും ആവശ്യപ്പെട്ടത് നിര്‍മാണക്കമ്പനിയാണെന്നും മന്ത്രി പറഞ്ഞു. പദ്ധതി പ്രദേശത്തിനകത്ത് കേന്ദ്രസേനയെ ആവശ്യപ്പെടുന്നതില്‍ തെറ്റില്ല.

പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് ബുദ്ധിയില്ലാത്തവരെന്നും മന്ത്രി ആരോപിച്ചു. വിഴിഞ്ഞം തുറമുഖ മേഖലയില്‍ സുരക്ഷയൊരുക്കാന്‍ കേന്ദ്ര സേനയെ ആവശ്യപ്പെട്ടതു സംസ്ഥാന സര്‍ക്കാരല്ല, അദാനി ഗ്രൂപ്പാണെന്നു കഴിഞ്ഞ ദിവസം മന്ത്രി ആന്റണി രാജുവും പറഞ്ഞിരുന്നു. സര്‍ക്കാരിനോടു ഹൈക്കോടതി അഭിപ്രായം മാത്രമാണു ചോദിച്ചതെന്നും സംസ്ഥാനം എതിര്‍ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Loading...

വിഴിഞ്ഞം തുറമുഖ പ്രദേശത്ത് സുരക്ഷാപാലനത്തിനു കേന്ദ്രസേനയെ നിയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സേനയുടെ സഹായം തേടുന്നതിന് എന്തിനാണു മടി കാണിക്കുന്നതെന്ന അദാനി ഗ്രൂപ്പിന്റെ ചോദ്യത്തിനാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഇക്കാര്യത്തില്‍ കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി. കേന്ദ്ര സേനയെ നിയോഗിക്കുന്ന കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചര്‍ച്ച ചെയ്ത് തിരുമാനം അറിയിക്കുവാന്‍ കോടതി നിര്‍ദേശിച്ചു.