രാജ്യത്ത് കൽക്കരി ക്ഷാമുണ്ടെന്ന പ്രചാരണം വ്യാജം: ഇന്ത്യ വൈദ്യുത മിച്ച രാജ്യമെന്നു നിർമലാ സീതാരാമൻ

രാജ്യത്ത് കൽക്കരി ക്ഷാമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമെന്നും വൈദ്യുത മിച്ച രാജ്യമാണ് ഇന്ത്യയെന്നും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. രാജ്യം ഊർജ്ജ പ്രതിസന്ധിയിലൂടെ കടന്നുപോകുവെന്ന പ്രചരണം വ്യാജമാണെന്നും അസംബന്ധമായ കാര്യങ്ങളാണ് അവർ പ്രചരിപ്പിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. അമേരിക്കയിലെ ഹാർവാർഡ് കെന്നഡി സ്‌കൂളിൽ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടെയാണ് ധനമന്ത്രി വ്യാജപ്രചരണങ്ങളോട് പ്രതികരിച്ചത്.

രാജ്യത്ത് ഒന്നിനും ഒരു കുറവുമില്ല, വാർത്തകൾ തീർത്തും അടിസ്ഥാന രഹിതമാണ്. വൈദ്യുത മന്ത്രി ആർ.കെ സിങ്ങുമായി രണ്ട് ദിവസം മുൻപ് സംസാരിച്ച് രാജ്യത്തെ സ്ഥിതിഗതികൾ മനസിലാക്കിയിരുന്നെന്ന് ധനമന്ത്രി വ്യക്തമാക്കി.രാജ്യത്തെ എല്ലാ വൈദ്യുത ഉൽപാദന കേന്ദ്രങ്ങളിലും അടുത്ത നാലു ദിവസത്തേക്കുള്ള കൽക്കരി സ്റ്റോക്കുണ്ട്. വിതരണശൃംഖലയിൽ തകരാറുകളൊന്നുമില്ലെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു.

Loading...

അതേസമയം സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുവദിച്ചിട്ടുള്ള വിനിയോഗിക്കാത്ത വൈദ്യുതി അതത് സംസ്ഥാനങ്ങൾ സ്വന്തം ഉപയോക്താക്കൾക്ക് നൽകണമെന്നും കൂടിയ വിലയ്‌ക്ക് മറിച്ചുവിൽക്കരുതെന്നും കേന്ദ്ര ഊർജമന്ത്രാലയം കർശനനിർദ്ദേശം നൽകിയിട്ടുണ്ട്. ഉയർന്ന വിലയ്‌ക്ക് വിറ്റാൽ ഈ വൈദ്യുത വിഹിതം പിൻവലിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.