മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പിടി അയയുന്നോ? എന്നുവേണം കരുതാന്‍. ആ കസേരയിലേക്കു നോക്കി ചിലര്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. അതിനായി പല പരിപാടികളും ഇപ്പോള്‍ അരങ്ങിന്റെ പിന്നില്‍ അണിഞ്ഞൊരുങ്ങുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ജനസമ്പര്‍ക്കവുമായി തിരക്കോടുതിരക്ക്! എന്നാല്‍ ഇദ്ദേഹത്തിന്റെ കസേരയുടെ ചുവട്ടില്‍ കട്ടപ്പാര കുത്തിയിറക്കി കുഴിതോണ്ടുന്നത് ഇദ്ദേഹം ഇനിയും മനസ്സിലാക്കിയില്ലെങ്കില്‍ ഇനിയെന്ന് മനസ്സിലാക്കാനാണ്. അധികാരത്തിലേറിയ നാള്‍തൊട്ട് കോഴ കുഞ്ഞൂഞ്ഞ് എന്നു പേരുകേള്‍പ്പിക്കുവാന്‍ അവര്‍ ശ്രമിക്കുന്നു. അത് സരിത മുതല്‍ ഇന്നിപ്പോള്‍ ബാര്‍ കോഴവരെ എത്തിനില്‍ക്കുന്നു. കൂട്ടത്തില്‍ എസ്.എസ്.എല്‍.സിയും. മറ്റുള്ളവര്‍ കാര്യം കണ്ടിട്ട് പഴിമുഴുവന്‍ കുഞ്ഞൂഞ്ഞിന്.
ചിലരുടെ തലമണ്ട അപാരം തന്നെ. സരിത വിഷയം തലപൊക്കിയ നാള്‍തൊട്ട് പലതരത്തിലും മുഖ്യമന്ത്രിക്കിട്ട് പണിയാന്‍ തുടങ്ങി. ആദ്യം തിരുവഞ്ചൂരിനെ മുന്നിലും പിന്നിലും നിര്‍ത്തി കളിപ്പിച്ചു. അതു ഫലിക്കാതെ വന്നപ്പോള്‍ സരിതയെതന്നെ കരുവാക്കി. ഒടുക്കം ഇടതുപക്ഷത്തിലെ ചിലരുടെ ഒത്താശയോടെ പി.സി ജോര്‍ജിനെ കൂട്ടുപിടിച്ച് ഒരു കളി. ഈ കളികള്‍ എല്ലാത്തിന്റെ പിന്നിലും എന്താണ്. ഒന്നാലോചിച്ചു നോക്കുക സാറെ. ഇതിനുമുമ്പ് അധികാരത്തിലേറിയ നാളുകളില്‍ ഇവരൊക്കെ അങ്ങയെ എത്രനാള്‍ സമാധാനമായി ഭരിക്കാന്‍ അനുവദിച്ചിട്ടുണ്ട്. ഇവരൊക്കെ വര്‍ഗീയതയില്ല എന്ന് വീമ്പിളക്കുമെങ്കിലും ഉള്ളിന്റെ ഉള്ളില്‍ ഇപ്പോഴും നായരും, ഈഴവനും എല്ലാമെല്ലാം കിടന്നു കളിക്കുന്നുണ്ട്.
ഇപ്പോള്‍ നേരിട്ട് കണ്ടുതുടങ്ങിയില്ലെ! ഒരാളുടെ നേതൃത്വത്തിലുള്ള ഐഗ്രൂപ്പ് സര്‍ക്കാരില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ച് തുടങ്ങിക്കഴിഞ്ഞു. നേരത്തെ പറഞ്ഞപോലെ മുഖ്യമന്ത്രി കസേരയില്‍ അദ്ദേഹത്തെ പ്രതിഷ്ഠിക്കുക എന്നതാണ് ഇതിന്റെ പിന്നിലെ കളികള്‍. ബാര്‍കോഴ എന്ന വാളും കൊണ്ടാണ് ഇവര്‍ പടയ്ക്കൊരുങ്ങിയിരിക്കുന്നത്. മന്ത്രിമാരെ ഒന്നിനുപിറകെ ഒന്നായി ബാര്‍ കോഴക്കേസില്‍ കുടുക്കുന്നു. കെ.എം. മാണിക്കെതിരെ കേസെടുത്തതുപോലെ ആരോപണവിധേയരായ മറ്റ് മന്ത്രിമാര്‍ക്കുമെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗപ്രവേശം ചെയ്യുന്നു.
ഇത് കണ്ടില്ലെന്ന് നടിക്കാന്‍ ആഭ്യന്തരമന്ത്രിയായ തനിക്കാകില്ലെന്ന് അദ്ദേഹം. ആരോപണം ഉണ്ടെങ്കില്‍ കേസെടുക്കുമെന്നാണ് അദ്ദേഹത്തിന്റെ ശാഠ്യം. കൂടെനിന്നവന്‍ മുഖത്തുകരിവാരിത്തേച്ച് പ്രതിച്ഛായ തകര്‍ത്തിട്ടിപ്പോള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ന്നു ഇനി നേതൃമാറ്റമല്ലാതെ മറ്റൊരു രക്ഷയുമില്ല എന്ന നിലപാടിലേക്ക് അവര്‍ കടക്കുന്നു. ബാര്‍ മുതലാളി ബിജു രമേശിന്റെ ആദ്യമൊഴിയില്‍ അദ്ദേഹവും ഉണ്ടായിരുന്നെങ്കിലും അവര്‍ ബുദ്ധിപരമായി അദ്ദേഹത്തെ ഒഴിവാക്കി. കൂടാതെ ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബു വിനെതിരെ ആരോപണം പൊങ്ങിവന്നതിന്റെ പിന്നിലും കറുത്തകരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേസുവന്നാല്‍ ബാബു രാജിവയ്ക്കും. അപ്പോള്‍ മാണിക്കും രാജിവയ്ക്കാതെ തരമില്ല. കൂടാതെ മാണിയെ കൂടെക്കിട്ടുവാന്‍ ഇടതുപക്ഷത്തുനിന്നും പൊടിക്കൈകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ബിജു രമേശ് മാണിക്കെതിരെ ആരോപണമുന്നയിച്ചപ്പോള്‍ത്തന്നെ അദ്ദേഹത്തിനെതിരെ ‘ക്വിക്ക് വെരിഫിക്കേഷന്‍’ വന്നു. തുടര്‍ന്ന് കേസുമെടുത്തു. പണം നേരിട്ട് കൊടുത്തുവെന്ന് പറയുന്നവര്‍ ആരും ഇതുവരെ മാണിക്കെതിരെ മൊഴിനല്‍കിയിട്ടില്ല. എന്നിട്ടും സംസ്ഥാനത്തെ മുഴുവന്‍ ബാറുകാരുടെയും മൊഴിയെടുത്ത് അന്വേഷണത്തിന്റെ വ്യാപ്തി വളര്‍ത്തി. ബിജുവിന്റെ മൊഴി പിന്നീട് മാറ്റാനാവാത്ത വിധം മജിസ്‌ട്രേട്ടിനുമുമ്പില്‍ നല്‍കിച്ചു.
ഈ കേസ് തീര്‍ച്ചയായും ഒരു വിഭാഗത്തിന്റെ മാത്രം സൃഷ്ടിയാണ്. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ താഴെയിറക്കാനായി പ്രതിപക്ഷത്തിന്റെ വരെ കൂട്ടുപിടിച്ചിരിക്കുകയാണ് ചിലര്‍. ഇനിയിപ്പോള്‍ മുഖംരക്ഷിക്കാന്‍ നേതൃമാറ്റമെന്ന ഒറ്റമൂലിയുമായാണ് ഐ പക്ഷം. മുഖ്യമന്ത്രിയും നിലവിലുള്ള കോണ്‍ഗ്രസ് മന്ത്രിമാരും മാറി, രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പുതിയ ടീമെന്ന ആശയമാണ് ഐ ഗ്രൂപ്പ് മൂശയില്‍ വാര്‍ത്തെടുക്കുന്നത്.
ഐ പക്ഷത്തിന്റെ ഈ നീക്കങ്ങളെക്കുറിച്ച് അറിവുണ്ടെങ്കിലും എ ഗ്രൂപ്പ് ഇതിനെ ഗൗരവമായി എടുത്തിട്ടില്ല എന്നുവേണം കരുതാന്‍.
പല കാരണങ്ങളാലും ഇതിന്റെ പിന്നില്‍ ഗ്രൂപ്പിസ്സവും, വര്‍ഗ്ഗീയതയും ഉണ്ടെന്നുള്ളത് പകലിലെന്നപോലെ വ്യക്തമാണ്. ജനസമ്പര്‍ക്കമൊക്കെ കൊള്ളാം. കസേര അവിടെ ഉണ്ടെങ്കിലേ ജനസമ്പര്‍ക്കത്തിനിറങ്ങിയാല്‍ തന്നെ ആളുകള്‍ വന്നെത്തുകയുള്ളു. അതുകൊണ്ട് ആദ്യം കസേരയുടെ കാല് ശരിയാക്കിയിട്ട് പോരെ മറ്റുള്ളതൊക്കെ!