അടുത്ത പ്രാവശ്യം പോകുമ്പോള്‍ എനിക്ക് പൈസയും സ്വര്‍ണവും വെച്ചേക്കണം, ഞാന്‍ ഇനിയും കയറും, പൂട്ടിയിട്ട വീട് ഒളിത്താവളമാക്കിയ കള്ളന്റെ കുറിപ്പ്,

കൊല്ലം ജില്ലയിലെ പരവൂരില്‍ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് രഹസ്യമായി താമസിച്ച് മോഷണം നടത്താന്‍ ശ്രമം. അമ്പത് പവനും അരലക്ഷം രൂപയുമായി കടന്ന കള്ളനെ നാടു മുഴുവന്‍ പൊലീസ് തിരഞ്ഞു നടന്നപ്പോള്‍ മോഷണം നടന്ന വീടിന് കേവലം രണ്ടു കിലോമീറ്റര്‍ മാത്രം ദൂരമുള്ള വീട്ടില്‍ ഒളിച്ച് താമസിച്ച് കള്ളന്‍. പൊലീസിനെ കബളിപ്പിച്ച് വീടിന്റെ ഉടമയ്ക്ക് ഒരു കത്തുമെഴുതി വെച്ച് വിദഗ്ധമായി ഇയാള്‍ കടന്നു കളഞ്ഞു. ‘അടുത്ത പ്രാവശ്യം പോകുമ്പോള്‍ എനിക്ക് ഇവിടെ പൈസയും സ്വര്‍ണവും വച്ചേക്കണം. ഇല്ലെങ്കില്‍ ഞാന്‍ ഇനിയും ഇവിടെ കയറും. നിങ്ങള്‍ വീടു പൂട്ടി പോ, ഗേറ്റ് പൂട്ടി പോ എന്ന് കള്ളന്‍.’ എന്നായിരുന്നു കത്ത്.

മൊട്ട ജോസ് എന്ന കുപ്രസിദ്ധ കള്ളനാണ് നാട്ടുകാരെയും വീട്ടുകാരെയും പൊലീസിനെയും ഒരുപോലെ പറ്റിച്ചത്. പരവൂരിലെ ദയാബ്ദ്ജി ജംഗ്ഷനിലെ അനിതാ ഭവനില്‍ നിന്നും അമ്പത് പവനും അരലക്ഷം രൂപയും മൊട്ട ജോസ് മോഷ്ടിച്ചിരുന്നു.മോഷണ രീതികളില്‍ നിന്നും കള്ളന്‍ മൊട്ട ജോസാണെന്ന് മനസിലാക്കി പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തു വിട്ടിരുന്നു. എന്നിട്ടും രക്ഷയുണ്ടായില്ല. അപ്പോഴാണ് മോഷണം നടന്ന വീടിന് തൊട്ടടുത്ത് തന്നെ പ്രതി ഒളിവില്‍ കഴിഞ്ഞിരുന്നത്.

Loading...

പുഞ്ചിരക്കുളത്തെ ഒരു വീടിന്റെ മതില്‍ രാത്രി ഒരാള്‍ ചാടിക്കടന്നത് പരിസരത്തെ യുവാക്കളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അവര്‍ വീടു വളഞ്ഞു. പോലീസെത്തി മുന്‍പിലെ തുറന്നുകിടന്ന ഗേറ്റിലൂടെ അകത്തു കടന്ന് പരിശോധിക്കുന്നതിനിടെ ഉള്ളില്‍നിന്ന് ഒരാള്‍ പുറത്തേക്കിറങ്ങി മതില്‍ ചാടി ഓടിമറയുകയായിരുന്നു. യുവാക്കളും പോലീസും കൂടെ ഓടിയെങ്കിലും പിടികൂടാനായില്ല.

വീടിന്റെ മുറിയാകെ മലമൂത്രവിസര്‍ജനം നടത്തി വൃത്തിഹീനമാക്കിയനിലയിലായിരുന്നു. മദ്യക്കുപ്പികളും ആഹാരത്തിന്റെ അവശിഷ്ടങ്ങളും ചിതറിക്കിടന്നിരുന്നു. അടുക്കളയില്‍ പാചകവും നടത്തിയിട്ടുണ്ട്. പോലീസ് തിരയുന്നതിനിടെ തിങ്കളാഴ്ച ഉച്ചയ്ക്ക് മൊട്ട ജോസിനെ വീണ്ടും ചിലര്‍ കണ്ടു. എന്നാല്‍, നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ ഇയാള്‍ വീണ്ടും പല മതിലുകള്‍ ചാടി രക്ഷപ്പെട്ടു.