നാട്ടുകാരെ ഭയന്ന് വീടിനു മുകളില്‍ നിന്ന് ചാടിയ മോഷ്ടാവ് കിട്ടിയത് മുട്ടന്‍പണി

അടൂര്‍: മങ്ങാട്ട് അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ച ആളെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ വീടിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി. വീഴ്ചയില്‍ കള്ളന്റെ ശരീരത്തിന് ചതവുപറ്റി.തോടെ നാട്ടുകാരും പോലീസും പിടികൂടി മോഷ്ടാവിനെ ആശുപത്രിയിലാക്കി. പോത്തന്‍കോട് ജൂബിലി ഭവനില്‍ ബിജു സെബാസ്റ്റ്യനാണ് (46) മോഷണ ശ്രമത്തിനിടെ നാട്ടുകാരുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വീടിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയത്. ഇയാള്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്.

ശനിയാഴ്ച രാത്രി പത്തിനാണ് സംഭവം. മങ്ങാട് ചരുവിള സുമവില്ലയില്‍ രാജന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. രാജനും കുടുംബവും യുഎസിലാണ്. കൊടുമണ്‍ സ്വദേശികളായ ദമ്ബതികളെയാണ് വീടു നോക്കാന്‍ ഏല്‍പിച്ചിരിക്കുന്നത്. ഇവര്‍ ശനിയാഴ്ച രാത്രി എത്തിയപ്പോഴാണ് കാര്‍ പോര്‍ച്ചിന്റെ ഗ്രില്ല് തുറന്നു കിടക്കുന്നതും അകത്ത് തുണികളടങ്ങിയ ബാഗ് ഇരിക്കുന്നതും ശ്രദ്ധയില്‍പെട്ടത്. വീടിനുള്ളില്‍ ആരോ ഉള്ളതായി ബോധ്യപ്പെട്ടതോടെ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു.

Loading...

നിമിഷങ്ങള്‍ക്കുള്ളില്‍ നാട്ടുകാര്‍ വീടു വളഞ്ഞു. ഇതില്‍ രണ്ടു പേര്‍ വീടിനുള്ളില്‍ കടന്ന് പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ കണ്ടത്. അപ്പോഴേക്കും മുകളിലത്തെ നിലയിലേക്ക് കയറിയ മോഷ്ടാവ് താഴേക്ക് ചാടുകയായിരുന്നു. താഴെ നിന്ന ആള്‍ക്കാര്‍ ഇയാളെ ചാടിപ്പിടിച്ചതിനാല്‍ കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പിന്നീട് ഇയാളെ പൊലീസിന്റെ സഹായത്തോടെ നാട്ടുകാര്‍ ജനറല്‍ ആശുപത്രിയിലാക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയിട്ടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തു എന്ന് പൊലീസ് പറഞ്ഞു.