പരീക്ഷാ ഫീസടക്കാൻ വെച്ച തുക കള്ളൻ കൊണ്ടുപോയി; ഒടുവിൽ ഫീസടച്ച് അധ്യാപകർ

തൃശൂർ: അന്നമടയിൽ കുട്ടികളുടെ പരീക്ഷാഫീസ് അടയ്ക്കാൻവെച്ച തുക കള്ളൻ കൊണ്ടുപോയതോടെ സ്വന്തം കൈയിൽ നിന്നും തുകയെടുത്ത് ഫീസടച്ച് അധ്യാപകർ. മാമ്പ്ര യൂണിയൻ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നാണ് പണം മോഷണം പോയത്. കുട്ടികളുടെ ഫീസടക്കാൻ വെച്ചിരുന്ന 89,000 രൂപയാണ് മോഷണം പോയത്. ഓഫീസ് മുറിയിലെ അലമാരയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഓഫീസിന്റെ വാതിലിന്റെ രണ്ട് താഴും നീക്കംചെയ്തിട്ടുമുണ്ട്.

പണം സൂക്ഷിച്ച അലമാര തുറന്ന നിലയിലുമായിരുന്നു.എൽ.പി. സ്‌കൂളിലും കവർച്ചശ്രമം നടന്നിട്ടുണ്ട്. താഴ് തകർക്കുകയും അലമാരയിലെ വസ്തുക്കൾ വലിച്ച് താഴെയിടുകയും ചെയ്ത നിലയിലായിരുന്നു. തിങ്കളാഴ്ച രാവിലെ സ്‌കൂളിലെത്തിയ ജീവനക്കാരാണ് വിവരം ആദ്യം അറിഞ്ഞത്. തുടർന്ന് കൊരട്ടി പോലീസിൽ അറിയിച്ചു.തിങ്കളാഴ്ചയാണ് പരീക്ഷാഫീസ് അടയ്‌ക്കേണ്ട അവസാന തീയതി. വിദ്യാർഥികളും അധ്യാപകരും ആശങ്കയിലായെങ്കിലും അധ്യാപകർ സ്വന്തംനിലയിൽ ശേഖരിച്ച പണം ട്രഷറിയിൽ അടച്ചു. ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് മണം പിടിച്ച പോലീസ് നായ റോഡ് വഴി മോഷണംശ്രമം നടന്ന പ്രൈമറി സ്‌കൂളിലെത്തിയ ശേഷം മാമ്പ്രയിലെ പെട്രോൾ പമ്പിനു സമീപം നിന്നു. വിരലടയാള വിദഗ്ധരും പരിശോധിച്ചു.

Loading...