500-ല്‍ അധികം ക്ഷേത്രത്തില്‍ മോഷണം നടത്തിയ മോഷ്ടാവിനെ പോലീസ് പിടികൂടി

കട്ടപ്പന. 500 ല്‍ അധികം ക്ഷേത്ര മോഷണം നടത്തിയ മോഷ്ടാവിനെ പോലീസ് പിടികൂടി. ക്ഷേത്രങ്ങളില്‍ നിന്ന് മോഷ്ടിച്ച ചില്ലറപ്പണം നോട്ടുകളാക്കുവാന്‍ വ്യാപാര സ്ഥാപനങ്ങളില്‍ കയറിയിറങ്ങിയപ്പോഴാണ് പോലീസ് ഇയാളെ പിടികൂടിയത്. മലപ്പുറം സ്വദേശി സജീഷിനെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ക്ഷേത്രങ്ങളില്‍ മോഷണം നടത്തി ചില്ലറയായി കിട്ടുന്ന പണം വ്യാപാരസ്ഥാപനങ്ങളില്‍ മാറി നോട്ടുകളാക്കും.

ഇതിനായി കട്ടപ്പനയില്‍ എത്തിയതായിരുന്നു ഇയാള്‍. ഇയാളെ ഇതിനിടെ പോലീസ് കണ്ടു. പ്രവര്‍ത്തികളില്‍ സംശയം തോന്നിയതോടെ പിന്‍തുടരുകയായിരുന്നു. ടൗണില്‍വെച്ചുതന്നെ കട്ടപ്പന പോലീസിന്റെ പ്രത്യേക സംഘം ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ബാഗില്‍ നിന്നും പല കെട്ടുകളായി സൂക്ഷിച്ചിരുന്ന പണവും ബൈക്കുകളുടെ താക്കോലും പോലീസ് കണ്ടെടുത്തു. 20 വര്‍ഷമായി മോഷണം നടത്തുന്ന ഇയാള്‍ പലതവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Loading...

മലപ്പുറം, കോഴിക്കോട്, തൃശുര്‍, പാലക്കാട് ജില്ലകളിലെ പോലീസ് സ്‌റ്റേഷനുകളിലായി നൂറോളം എഫ്‌ഐആര്‍ നിലവിലുണ്ട്. 2022 ജൂലായ് 17ന് പെരിന്തല്‍മണ്ണ സബ് ജയിലില്‍ നിന്നും ശിക്ഷകഴിഞ്ഞ് ഇറങ്ങിയ ശേഷം 30 അധികം ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു.