നാളെ ഗള്‍ഫില്‍ പോകാനിരുന്ന യുവാവ് വെട്ടേറ്റു മരിച്ചു

തിരൂരങ്ങാടി: നാളെ ഗള്‍ഫില്‍ പോകാനിരുന്ന യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം തിരൂരങ്ങാടി കൊടിഞ്ഞി പുല്ലാനി ഫൈസലാ(30)ണ് മരിച്ചത്. പുല്ലാനി അനന്തകൃഷ്ണന്‍ നായരുടെ മകനാണ് ഫൈസല്‍. അനില്‍കുമാര്‍ എന്ന ഫൈസല്‍ ക‍ഴിഞ്ഞ വര്‍ഷം മതം മാറി ഫൈസല്‍ എന്ന പേരു സ്വീകരിക്കുകയായിരുന്നു. ഇന്നു പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങിയവരാണ് ഫാറൂഖ് നഗര്‍ അങ്ങാടിക്കടുത്ത് റോഡരികില്‍ ഫൈസലിന്‍റെ മൃതദേഹം കണ്ടെത്തിയത്. റിയാദിലാണ് ഫൈസലിനു ജോലി. ക‍ഴിഞ്ഞവര്‍ഷം ഇവിടെവച്ചാണു മതം മാറിയത്. ആറു മാസം മുമ്പാണ് അവധിക്കു നാട്ടിലെത്തിയത്.

വീട്ടിലേക്കു വിരുന്ന വരുന്ന ബന്ധുക്കളെ സ്വീകരിക്കാനായി റെയില്‍വേ സ്റ്റേഷനിലേക്കു പുലര്‍ച്ചെ പുറപ്പെട്ടതാണ് ഫൈസല്‍. കൊലപാതകം ഇതിനിടയിലായിരുന്നു. റെയില്‍വേ സ്റ്റേഷനിലേക്കു പോയ ഫൈസലിനെ യാത്രാമധ്യേ കൊലപ്പെടുത്തുകയായിരുന്നെന്നാണു സംശയം. ഭാര്യയും മൂന്നു മക്കളുമുണ്ട്.