ദുരൂഹതയില്ലെന്ന് ഉറപ്പിക്കാൻ വരട്ടെ: വിശദീകരണം വേണം: കന്യാസ്ത്രീ മഠത്തിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന ഐജിയുടെ റിപ്പോര്‍ട്ട് മടക്കി ക്രൈംബ്രാഞ്ച് മേധാവി

പത്തനംതിട്ട: തിരുവല്ല പാലിയേക്കര ബസേലിയൻ കോൺവെന്റ് കിണറ്റിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണം ആവശ്യമുണ്ടെന്ന് ക്രൈംബ്രാഞ്ച്. വിദ്യാർത്ഥിനി ദിവ്യ പി ജോണിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് കാണിച്ച് ഐജി സമർപ്പിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി മടക്കി നൽകി. ഐജിയുടെ റിപ്പോർട്ടിലെ ചില കണ്ടെത്തലുകളിൽ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടാണ് ഐജി ഗോപേഷ് അഗർവാളിന്‍റെ റിപ്പോർട്ട് മടക്കിയത്. ‌‌

തിരുവല്ല പാലിയേക്കര ബസേലിയൻ കോൺവെന്‍റിൽ കന്യാസ്ത്രീ ആകാൻ പഠിക്കുകയായിരുന്ന ദിവ്യ പി ജോണിനെയാണ് കഴിഞ്ഞ മെയ് ഏഴാം തിയ്യതി കോൺവെന്‍റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വഭാവികത ഉണ്ടോ എന്ന് പരിശോധിക്കാൻ പിന്നാലെ ക്രൈബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തിരുവല്ല സിഐയുടെ അന്വേഷണം ശരിവെക്കുന്ന തരത്തിലാണ് ക്രൈംബ്രാഞ്ച് ഐജി റിപ്പോർട്ട് നൽകിയത്.

Loading...

ദിവ്യയുടെ ശരീരത്തിൽ അസ്വാഭാവിക പരിക്കുകൾ ഇല്ലെന്നും, വീഴ്ചയിൽ ഉണ്ടായ ചെറിയ മുറിവുകൾ മാത്രമാണ് ഉള്ളതെന്നും മുങ്ങി മരണമാണെന്നുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പ്രതിപാദിച്ചിരുന്നു. പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആത്മഹത്യയാകാമെന്ന നിഗമനത്തിലായിരുന്നു നേരത്തെ പൊലീസ്. അതിനിടെ കേസ് അന്വേഷണത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിലടക്കം തിരുവല്ല പൊലീസിന്‍റെ ഭാഗത്ത് പാളിച്ചകളുണ്ടായെന്ന ആരോപണം ഉയർന്നിരുന്നു. നിരവധി പേർ വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരുന്നു.