തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അദാനി ഗ്രൂപ്പിന് കൈമാറിയത് ശരിവച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് അപ്പീല്‍. ലേല നടപടികള്‍ ശരിയായല്ല നടന്നതെന്നും സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഒക്ടോബറില്‍ തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
വിമാനത്താവളം സ്വകാര്യവത്കരിക്കില്ലെന്ന പഴയ ഉറപ്പ് വ്യോമയാന മന്ത്രാലയം ലംഘിച്ചു. അങ്ങനെ ഉദേശിക്കുന്നെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തമുള്ള കമ്പനിയെ ഏല്പിക്കുമെന്ന ധാരണ പാലിച്ചില്ല. ഭൂമി വിട്ടു നല്‍കിയത് അതിന്റെ വില സര്‍ക്കാരിന്റെ ഓഹരിയായി ഭാവിയില്‍ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ലേല നടപടികള്‍ ശരിയായല്ല നടന്നത്.റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസലില് 10 ശതമാനം വ്യവസ്ഥ കൊണ്ടുവന്നത് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. മുന്‍ പരിചയം വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയത് സര്‍ക്കാരിനെ ഒഴിവാക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായാണ്. വിമാനത്താവള നടത്തിപ്പില്‍ പരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് വിമാനത്താവളം നല്‍കിയത് 1994ലെ എയര്‍പോര്‍ട്ട് അതോറിറ്റി ആക്ടിന്റെ ലംഘനമാണ്.
അദാനി ഗ്രൂപ്പ് പറഞ്ഞ തുക കെ എസ് ഐഡി സി നല്‍കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചതാണ്. അതിനാല്‍ എയര്‍പ്പോര്‍ട്ട് അതോറിറ്റിക്ക് നഷ്ടമുണ്ടാകുമായിരുന്നില്ല, ഹര്‍ജിയില്‍ പറയുന്നു. എയര്‍പോര്‍ട്ട് അതോറിറ്റി ആക്ട് 12 പ്രകാരം വിമാനത്താവളം ലീസ് ചെയ്യുന്നത് പൊതു താല്പര്യത്തിനും മെച്ചപ്പെട്ട നടത്തിപ്പിനും വേണ്ടിയാകണം. ഈ വ്യവസ്ഥ പാലിക്കപ്പെട്ടില്ല. പൊതു താല്പര്യത്തിനും ഫെഡറല്‍ തത്വങ്ങള്‍ക്കും വിരുദ്ധമാണ് ഇതെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. സര്‍ക്കാരിന് വേണ്ടി ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ അന്തിമ തീരുമാനം ഉണ്ടാകും വരെ ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അപേക്ഷയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്