തിരുവനന്തപുരത്ത് കൊവിഡ് രോഗവ്യാപനം ഗുരുതരമാകുന്നു: ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത് നൂറിലേറെ കേസുകള്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് രോഗവ്യാപനം ഗുരുതരമാകുന്നു. ഒറ്റ ദിവസം നൂറിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം തലസ്ഥാന ജില്ലയില്‍ 129 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ജില്ലയില്‍ മാത്രം നൂറിലേറെ രോഗികള്‍ ഒരുദിവസം ഉണ്ടാകുന്നതും ആദ്യം. വെള്ളിയാഴ്ച മാത്രം 105 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നത് ജില്ലയില്‍ വര്‍ധിച്ചത് ഗൗരവതരമാണ്.

തിരുവനന്തപുരം ജില്ലയില്‍ മാര്‍ച്ച് 11നാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച വരെ 481 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 266 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ്. ബാക്കിയുള്ള രോഗികള്‍ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ വന്നവരാണ്. വെള്ളിയാഴ്ച ജില്ലയില്‍ അഞ്ച് പേര്‍ക്കാണ് രോഗ മുക്തിയുണ്ടായത്. സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Loading...

അതേസമയം കൊവിഡിൽ കേരളത്തിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനസാന്ദ്രത കൂടിയ കേരളം പോലൊരു സംസ്ഥാനത്ത് കൊവിഡ് ഒട്ടാകെ ബാധിക്കാൻ അധികം കാലതാമസം വേണ്ടിവരില്ല. ഒരു വലിയ ദുരന്തത്തേയാണ് അഭിമുഖേക്കേണ്ടി വരിക എന്ന് മനസിലാക്കണമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലം കൊവിഡിന് മുൻപിൽ മുട്ടുമടക്കി കഴിഞ്ഞു. ബാംഗ്ലൂരിലും ചെന്നൈയിലുമെല്ലാം സ്ഥിതി രൂക്ഷമാണ്. കേരളത്തിൽ കൊവിഡ് ബാധ ഉണ്ടായതിന് ശേഷമാണ് ഇവിടങ്ങളിലെല്ലാം കൊവിഡ് സ്ഥിരീകരിച്ചത്. ആദ്യം ഒരു ക്ലസ്റ്റർ രൂപം കൊണ്ടു. പിന്നീട് മൾട്ടിപ്പിൾ ക്ലസ്റ്ററുകളുണ്ടായി. സമാന സാഹചര്യമാണ് സൂപ്പർ സ്‌പ്രെഡ്. കരുതിയില്ലെങ്കിൽ രോഗം പടർന്നേക്കാം.