കീം പരീക്ഷ എഴുതിയ 2 വിദ്യാർത്ഥികൾക്കും പരീക്ഷക്കായി കുട്ടിയെ കൊണ്ടുവന്ന ഒരു രക്ഷിതാവിനും കൊവിഡ്

തിരുവനന്തപുരം: തലസ്ഥാനത്ത് കടുത്ത ആശങ്ക. കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്കും പരീക്ഷക്കായി കുട്ടിയെ കൊണ്ടുവന്ന ഒരു രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരത്ത് ആശങ്ക കനത്തു. ട്രിപ്പിൾ ലോക്ക് ഡൗണിനിടെ തലസ്ഥാനത്ത് കീം പരീക്ഷ നടത്തുന്നതിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും വലിയ ആശങ്കയാണ് ഉയർത്തിയിരുന്നത്. പക്ഷെ സർക്കാർ പരീക്ഷാ നടത്തിപ്പുമായി മുന്നോട്ട് പോകുകയായിരുന്നു.

രോഗം ബാധിച്ച വിദ്യാർത്ഥി പരീക്ഷ എഴുതിയ ഹാളിലുണ്ടായിരുന്ന 20 വിദ്യാർത്ഥികളെയും ഇൻവിജിലേറ്റർമാരെയും നിരീക്ഷണത്തിലേക്ക് മാറ്റി. തൈക്കാട് ബിഎഡ് സെൻററിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിയായ വിദ്യാർത്ഥിക്കും കരമന കേന്ദ്രത്തിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിയായ വിദ്യാർത്ഥിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പരീക്ഷ എഴുതിയവർക്കും വിദ്യാർത്ഥികളെ കൊണ്ടുവന്ന രക്ഷിതാവിനും ഇപ്പോൾ കൊവിഡ് സ്ഥീരകരിച്ചത് കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.

Loading...

കൊവിഡ് സ്ഥിരീകരിച്ച വിദ്യാർത്ഥികളിൽ ഒരാൾ പരീക്ഷ എഴുതിയത് കരമനയിലെ കേന്ദ്രത്തിൽ വച്ചാണ്. കരകുളം സ്വദേശിയാണ് ഈ വിദ്യാർത്ഥി. മറ്റൊരാൾ തൈക്കാട് കേന്ദ്രത്തിൽ ആണ് പരീക്ഷ എഴുതിയത്. പൊഴിയൂർ സ്വദേശിയാണ് ഈ വിദ്യാർത്ഥി. പരീക്ഷാ സമയത്ത് തന്നെ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ കരകുളം സ്വദേശി പ്രത്യേക മുറിയിൽ ഒറ്റക്കാണ് പരീക്ഷ എഴുതാൻ ഇരുന്നത്. അതേസമയം, പൊഴിയൂർ സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് മാത്രം ഇന്നലെ കൊവിഡ് ബാധിച്ചത് 182 പേർക്കാണ്. ഇതിൽ 170 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്.