തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം ഭയാനകമായി വർധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം കോര്പറേഷന് പരിധിയിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീട്ടി. അതിവ്യാപന മേഖലയില്‍ ട്രിപ്പിള്‍ ലോക്ഡൗണും മറ്റിടങ്ങളില്‍ ലോക്ഡൗണ്‍ എന്നിങ്ങനെയാണ് നിയന്ത്രണം തുടരുക.
പല വാർഡുകളിലും ആവശ്യത്തിന് പരിശോധന നടത്താത്തത് ആശങ്ക സൃഷ്ടിക്കുന്നതാണ്. റാപ്പിഡ് ടെസ്റ്റ്, ആന്റിജൻ പരിശോധനകൾ നടത്തിയതു വഴിയാണ് പൂന്തുറ, പുത്തൻപള്ളി, മാണിക്യവിളാകം വാർഡുകളിൽ കോവിഡ് സൂപ്പർ സ്പ്രെഡ് സ്ഥിരീകരിച്ചത്. മറ്റു സ്ഥലങ്ങളിലും പരിശോധന വര്‍ധിപ്പിച്ചാലേ സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ സാധിക്കൂ. ഈ സാഹചര്യത്തിലാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായ പ്രകാരം ട്രിപ്പിള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടാന്‍ തീരുമാനിച്ചത്.
തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് കൊവിഡ് രോഗവ്യാപനം ഗുരുതരമാകുന്നു. ഒറ്റ ദിവസം നൂറിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം തലസ്ഥാന ജില്ലയില്‍ 129 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ജില്ലയില്‍ മാത്രം നൂറിലേറെ രോഗികള്‍ ഒരുദിവസം ഉണ്ടാകുന്നതും ആദ്യം. വെള്ളിയാഴ്ച മാത്രം 105 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നത് ജില്ലയില്‍ വര്‍ധിച്ചത് ഗൗരവതരമാണ്.