പെന്‍ഷന്‍ തുകയായ 30,000 രൂപ നല്‍കിയില്ല: എണ്‍പതുകാരിയായ അമ്മായിയമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മരുമകള്‍  അറസ്റ്റില്‍

പെന്‍ഷനായി ലഭിച്ച പണം നല്‍കാത്തതിന്റെ പേരില്‍ എണ്‍പതുകാരിയായ അമ്മായിയമ്മയെ നിരന്തരം ദേഹോപദ്രവമേല്‍പിച്ചിരുന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസിയായ യുവതിയാണ് വൃദ്ധയെ ഉപദ്രവിക്കുന്ന വീഡിയോ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. ഹരിയാനയിലെ മിവാസ് നഗറിലാണ് സംഭവം.

കാന്താദേവി എന്ന സ്ത്രീയാണ് ഭര്‍തൃമാതാവായ ചാന്ദ് ഭായിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇവര്‍ ചാന്ദ് ഭായിയെ നിരന്തരമായി മര്‍ദ്ദിക്കുന്നത് കണ്ട അയല്‍വാസിയായ ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനി ദൃശ്യങ്ങള്‍ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ പ്രചരിച്ചതോടെ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Loading...

ഇതോടെ കാന്താദേവി ഒളിവില്‍ പോവുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ശനിയാഴ്ച രാവിലെ ഇവരെ അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയ്ക്കായി ചാന്ദ് ഭായിയെ ആശുപത്രിയിലേക്ക് മാറ്റി. മരുമകള്‍ തന്നെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് ചാന്ദ് ഭായി മൊഴി നല്‍കിയിട്ടുണ്ട്.

തനിക്ക് പെന്‍ഷനായി ലഭിച്ച മുപ്പതിനായിരം രൂപ കൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ മര്‍ദ്ദിച്ചതെന്നും പ്രായമായ താന്‍ ഒരു ബാധ്യതയാണെന്ന് കാന്താദേവി പറയാറുണ്ടെന്നും ചാന്ദ് ഭായി പറയുന്നു. അതിര്‍ത്തി രക്ഷാസേനയിലെ അംഗമായിരുന്ന ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ചാന്ദ് ഭായിയ്ക്ക് സര്‍ക്കാരില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കുന്നുണ്ട്.