തൊടുപുഴയിലും കെവിന്‍ മോഡല്‍ ;സ്‌റ്റേഷനു മുന്നില്‍ വീട്ടുകാരുടെ പ്രതിഷേധം

Loading...

തൊടുപുഴ: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ച കമിതാക്കള്‍ക്കെതിരെ വധഭീഷണിയുമായി പെണ്‍കുട്ടിയുടെ കുടുംബം. വ്യത്യസ്ത മതത്തില്‍പെട്ടവരാണ് കമിതാക്കള്‍. വീട്ടുകാരുടെ ഭീഷണിയെ തുടര്‍ന്ന് ഇവര്‍ തൊടുപുഴ കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷനില്‍ അഭയം തേടി. സ്‌റ്റേഷനു മുന്നിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. ഇവരെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം.

ഇന്നലെയാണ് തൊടുപുഴ സ്വദേശികളായ യുവാവും യുവതിയും ഒരുമിച്ച് ജീവിക്കുന്നതിനായി വീടുവിട്ടിറങ്ങിയത്. തൊടുപുഴയിലെ കോളജില്‍ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. യുവാവിന്റെ അമ്മയുടെ സഹോദരിയുടെ മകളും ഇവര്‍ക്കൊപ്പമാണ് പഠിക്കുന്നത്.

Loading...

യുവാവ് പെണ്‍കുട്ടിയുമായി ഇറങ്ങിപ്പോയ കാര്യം അറിഞ്ഞിരുന്നില്ലെന്നും പോലീസ് സ്‌റ്റേഷനില്‍ നിന്ന് വിളിക്കുമ്പോഴാണ് അറിഞ്ഞതെന്നും യുവാവിന്റെ അമ്മ പറഞ്ഞു. ഒന്നുങ്കില്‍ ഇവര്‍ ആത്മഹത്യ ചെയ്യണം അല്ലെങ്കില്‍ രണ്ടുപേരെയും കൊന്നുകളയുമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയെന്നും അമ്മ പറഞ്ഞു. ‘പതിനഞ്ചു ദിവസം മുന്‍പ് കോട്ടയത്ത് നടന്ന സംഭവം ഓര്‍മ്മയുണ്ടല്ലോ, അതുപോലെ മകന് സംഭവിക്കുമെന്നാണ്’ അവര്‍ പറഞ്ഞതെന്നും അമ്മ പറയുന്നു.

കഴിഞ്ഞ മാസം 17നാണ് കോട്ടയം സ്വദേശി കെവിന്‍ പി.ജോസഫ് എന്ന യുവാവിനെ പ്രണയവിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി വധിച്ചത്. ജാത്യാഭിമാനത്തിന്റെ പേരില്‍ നടന്ന ഈ അരുംകൊലയുടെ വേദന മാറും മുന്‍പാണ് മറ്റൊരു കുടുംബത്തിനു നേര്‍ക്കും ഇത്തരത്തില്‍ ഭീഷണിയുയരുന്നത്.