തൊടുപുഴ കൂട്ടക്കൊലക്കേസിൽ നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനത്ത് അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തെ കൂട്ടക്കൊല ചെയ്ത് കുഴിച്ചിട്ട സംഭവത്തില്‍ കേസന്വേഷണം പുരോഗമിക്കുകയാണ്. ഈ കുടുംബത്തിലെ നാല് പേരെ കാണാനില്ലെന്ന അന്വേഷണത്തിന് ഒടുവിലാണ് വീടിന് പിറകിലെ കുഴിയില്‍ നിന്നും മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെടുത്തത്.കൊല്ലപ്പെട്ട കൃഷ്ണന്‍ ആഭിചാര ക്രിയകള്‍ ചെയ്തിരുന്നുവെന്നും അതിനായി വന്‍ പണച്ചാക്കുകള്‍ ഉള്‍പ്പെടെ ഈ വീട്ടില്‍ നിരന്തരം എത്തിയിരുന്നു എന്നുമാണ് പോലീസിന് ലഭിച്ച വിവരം. ഫലം കിട്ടാത്ത ഏതെങ്കിലും പൂജയുമായി ബന്ധപ്പെട്ട തര്‍ക്കമോ കുടുംബ സ്വത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോ ആകാം കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കൊല നടന്ന ദിവസം രാത്രി വീട്ടിലെത്തിയ ആളുകളെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇവരെ കണ്ടെത്തുന്നതില്‍ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമാകുമെന്നാണ് പോലീസ് കരുതുന്നത്. വണ്ണപ്പുറം മുതല്‍ കഞ്ഞിക്കുഴി വരെയുള്ള സ്ഥലങ്ങളിലെ ക്യാമറകളിലെ ദൃശ്യങ്ങളിലാണ് പോലീസിന്റെ പ്രതീക്ഷ. ഇതുവരെ ഒന്‍പത് സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ച് കഴിഞ്ഞു. ഇനി രണ്ട് ക്യാമറകളിലെ ദൃശ്യങ്ങളാണ് ശേഖരിക്കാനുള്ളത്. കൊല്ലപ്പെട്ട കുടുംബത്തിന്റെ വീടിന് പരിസരത്തുള്ള കടകളുടേയും ്സ്ഥലത്തെ ബാങ്കുകളുടേയും മുന്‍വശത്ത് സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിലെ ദൃശ്യങ്ങളിലാണ് കൊലപാതകികള്‍ കുടുങ്ങിയിരിക്കുന്നതായി പോലീസ് കരുതുന്നത്.