ചാഴിക്കാടൻ കോൺഗ്രസ്- കേരളാ കോൺഗ്രസ് സഖ്യത്തിന്‍റെ തുറുപ്പ് ചീട്ട്: തന്ത്രം മെനഞ്ഞത് കോൺഗ്രസ് പാളയത്തിൽ

കോട്ടയം: തോമസ് ചാഴിക്കാടന്‍റെ സ്ഥാനാർഥി നിർണയത്തോടെ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം പാർട്ടിയിൽ നിന്നും പുറത്തേക്ക്. കോട്ടയം സീറ്റ് വേണമെന്ന ജോസഫിന്‍റെ ആവശ്യം തള്ളിയാണ് ഇന്നലെ രാത്രിയിൽ അപ്രതീക്ഷിത നീക്കങ്ങൾ കേരളാ കോൺഗ്രസിൽ നടന്നത്. കോൺഗ്രസിന്‍റെ പിന്തുണയോടെയാണ് തോമസ് ചാഴിക്കാടന്‍റെ സ്ഥാനാർഥിത്വം മാണി വിഭാഗം ഉറപ്പിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. ജോസഫിനെ പുറന്തള്ളുക എന്ന തീരുമാനത്തിലേക്ക് കോൺഗ്രസും കേരളാ കോൺഗ്രസും എത്തിയെന്നതിന്‍റെ സൂചനകളാണ് ഇതിൽ നിന്നും പുറത്തു വരുന്നത്. ചാഴിക്കാടനെ മത്സരിപ്പിക്കാനുള്ള തന്ത്രം മെനഞ്ഞത് കോൺഗ്രസ് പാളയത്തിലാണെന്നും സൂചനകളുണ്ട്.

ജോസഫ് പാർട്ടി വിട്ടാലും മുന്നണിക്ക് നഷ്ടം സംഭവിക്കില്ലെന്ന വിലയിരുത്തലും ഇന്നലെ നടന്ന യോഗത്തിൽ ഉണ്ടായി. ഇതോടെ ജോസഫിനെ തള്ളി തോമസ് ചാഴിക്കാടനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം ഒറ്റക്ക് മത്സരിക്കാൻ ജോസഫ് തുനിയുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. മുതിർന്ന നേതാവായതിനാൽ തന്നെ മണ്ഡലത്തിൽ ജോസഫ് വിഭാഗത്തിന് മോശമില്ലാത്ത വേരോട്ടമുണ്ട്. എന്നാൽ ഇത് വോട്ടാകില്ലെന്ന കണക്കുകൂട്ടലാണ് മാണി വിഭാഗത്തിനുള്ളത്.

Loading...

കേരളാ കോൺഗ്രസ്- കോൺഗ്രസ് വോട്ടുകൾ തോമസ് ചാഴിക്കാടന് നേടാനാകുമെന്നും കരുതുന്നു. പാർട്ടി വിട്ടാൽ ജോസഫിന് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നേക്കുമെന്നും വിലയിരുത്തലുണ്ട്. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ പി.സി. ജോർജ് പൂഞ്ഞാറിൽ ഒറ്റക്ക് മത്സരിച്ചതിനു സമാനമായി മത്സര രംഗത്തിറങ്ങാനാണ് ജോസഫിന്‍റെ ശ്രമം. എന്നാൽ പി.സി. ജോർജിനുള്ളത്ര ജനസമിതി ജോസഫിനില്ല.

അതേസമയം പിജെ ജോസഫ് ഭിന്നത ഒഴിവാക്കുമെന്നും തന്‍റെ പ്രചാരണത്തിന് ഇറങ്ങുമെന്നും പ്രതീക്ഷിക്കുന്നതായി സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ പറഞ്ഞു. തന്നെ പാർട്ടി ഒരു ദൗത്യം ഏൽപ്പിച്ചിരിക്കുകയാണെന്നും അത് പരമാവധി ഭംഗിയായി നിർവഹിക്കുമെന്നും തോമസ് ചാഴിക്കാടൻ പറഞ്ഞു.