പ്രളയ ദുരിതാശ്വാസത്തിന് വേണ്ടി ലഭിച്ച സംഭാവനകളില്‍ നിന്നു ഒരു പൈസ പോലും മറ്റൊരു കാര്യത്തിനും വിനിയോഗിച്ചിട്ടില്ല: മന്ത്രി തോമസ് ഐസക്

Loading...

കേരളം വീണ്ടും ഒരു പ്രളയത്തെ നേരിടുമ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന പ്രചാരണത്തിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി മന്ത്രി ഡോ. ടി.എം  തോമസ് ഐസക്. ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന പണം എങ്ങനെ ചെലവഴിക്കുന്നു എന്ന് വിശദമാക്കിയാണ് ധനമന്ത്രി ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്.
പ്രളയ ദുരിതാശ്വാസത്തിന് വേണ്ടി ലഭിച്ച സംഭാവനകളില്‍ നിന്നു ഒരു പൈസ പോലും മറ്റൊരു കാര്യത്തിനും വിനിയോഗിച്ചിട്ടില്ലെന്നു ധനമന്ത്രി പറഞ്ഞു.ഒരു പ്രളയത്തിന്റെ ദുരിതങ്ങള്‍ പരിഹരിച്ച് തീരും മുന്‍പ് മറ്റൊന്നു കൂടി നമ്മള്‍ അഭിമുഖീകരിക്കുകയാണ് . കഴിഞ്ഞ തവണത്തെതു പോലെ എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണ സര്‍ക്കാരിന് ഉണ്ടാവണമെന്നും ഫേസ്ബുക്ക് കുറിപ്പിലെഴുതി.
മന്ത്രിമാരുടെ വിദേശയാത്രക്കും വാഹനം വാങ്ങുന്നതിനും ദുരിതാശ്വാസ നിധിയിലെ പണം ഉപയോഗിക്കുന്നുണ്ടെന്നത് വ്യാജപ്രചാരണമാണെന്നും തോമസ് ഐസക പറഞ്ഞു. എല്ലാവരും ഒത്തൊരുമിച്ച് മുന്നിട്ടിറങ്ങുമ്പോഴാണ് ചിലര്‍ അപവാദ പ്രചാരണവുമായി രംഗത്തെത്തുന്നതെന്നും സംഘ്പരിവാറിന്റെ മനസ്സ് കേരളത്തിന്റെ മുഖ്യധാരയില്‍നിന്ന് എത്രയോ അകലമാണെന്നും മന്ത്രി പറഞ്ഞു. ദുരിതാശ്വാസ നിധിയെ സംബന്ധിച്ച് എന്ത് സംശയത്തിനും മറുപടി നല്‍കാന്‍ തയ്യാറാണെന്ന ഉറപ്പോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.