തീരദേശ മേഖലയിൽകാര്യക്ഷമമായ ഇടപെടൽ നടത്തിയെന്ന് മന്ത്രി തോമസ് ഐസക്

ആലപ്പുഴ: തീരദേശ മേഖലയിൽ സർക്കാർ കാര്യക്ഷമമായ ഇടപെടൽ നടത്തിയെന്ന് ധനമന്ത്രി ഡോ ടി എം തോമസ് ഐസക്. ഈ വർഷത്തെ ബഡ്ജറ്റിൽ 2000 കോടി രൂപയാണ് ജില്ലയിലെ തീരദേശത്തിനായി മാറ്റി വെച്ചിരിക്കുന്നത്. വരും വർഷത്തിലും തീരദേശ വികസനത്തിനും കടൽഭിത്തി നിർമാണത്തിനുമായി നല്ലൊരു തുക ബഡ്ജറ്റിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളിൽ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാര വിതരണവും കടൽ സുരക്ഷാ സ്‌ക്വാഡ് അംഗങ്ങൾക്ക് യൂണിഫോം വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടലോരങ്ങളിൽ നിന്നും താമസം മാറുന്ന തീരദേശ നിവാസികൾക്കായി ആരംഭിച്ച പുനർഗേഹം പദ്ധതിയിൽ ആദ്യ ഗഡു വിതരണം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജില്ലയിൽ 2018 മുതൽ രൂക്ഷമായ കടലാക്രമണത്തിൽ മത്സ്യബന്ധന യാനങ്ങളും, വലകളും, എഞ്ചിനുകളുമുൾപ്പെടെ ഉപകരണങ്ങൾ പൂർണമായി നഷ്ടപെട്ട 5 പേർക്കും ഭാഗികമായി നാശനഷ്ടം സംഭവിച്ച 17 പേർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്യാസ നിധിയിൽ നിന്നും 2222622 രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തു. കൂടാതെ ഓഖി ദുരന്ത പശ്ചാത്തലത്തിൽ രൂപീകരിച്ച കടൽ സുരക്ഷാ സ്‌ക്വാഡുകളിൽ പരിശീലനം പൂർത്തീകരിച്ച ജില്ലയിലെ 19 മത്സ്യത്തൊഴിലാളികൾക്ക് യൂണിഫോം, സുരക്ഷാ ഉപകരണങ്ങളായ ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ്, ജി പി എസ്, ടോർച്ച്‌ എന്നിവയുടെ വിതരണവും മന്ത്രി നിർവഹിച്ചു.

Loading...

ചടങ്ങിൽ മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അഡ്വ. കെ ടി മാത്യു, ഫാദർ സേവ്യർ കുടിയാംശ്ശേരി, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ് ആർ രമേശ് ശശിധരൻ എന്നിവർ സന്നിഹിതരായി.