നിങ്ങള്‍ക്കും മൂസവാലയുടെ ഗതി വരും’; സല്‍മാന്‍ ഖാനും പിതാവിനും വധഭീഷണി:

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനും പിതാവ് സലീം ഖാനും നേരെ വധഭീഷണി.സലിംഖാന്റെ സുരക്ഷാ ജീവനക്കാര്‍ക്കാണ് ഭീഷണി സന്ദേശം എഴുതിയ കത്ത് ലഭിച്ചത്. ‘നിങ്ങള്‍ക്കും മൂസവാലയുടെ ഗതി വരും’ എന്നാണ് കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ആരാണ് കത്തയച്ചത് എന്നു വ്യക്തമല്ല. ഇരുവര്‍ക്കും ഭീഷണക്കത്ത് ലഭിച്ചെന്നും സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നും മുംബൈ ബാന്ദ്ര പൊലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ച പഞ്ചാബി ഗായകന്‍ സിദ്ധു മൂസവാല കൊല്ലപ്പെട്ടതും കത്തില്‍ പറഞ്ഞിട്ടുണ്ട്. മൂസാവാലയുടെ മരണം പരാമര്‍ശിച്ച്‌ ഇരുവര്‍ക്കു നേരെയും ഭീഷണി മുഴക്കുക ആയിരുന്നു.

സലിം ഖാന്റെ സുരക്ഷാ ജീവനക്കാരാണ് കത്തു കണ്ടതെന്ന് പൊലീസ് അറിയിച്ചു. സലിം ഖാന്‍ സുരക്ഷാ ജീവനക്കാരുമൊത്ത് രാവിലെ ബാന്ദ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കാന്‍ പോകാറുണ്ട്. അവിടെ പതിവായി വിശ്രമിക്കുന്ന സ്ഥലത്ത് നിന്നാണ് കത്തു കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. കത്ത് ഉപേക്ഷിച്ചത് ആരെന്നറിയാന്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

Loading...

മെയ്‌ 29നാണ് പ്രശസ്ത പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതവുമായ സിദ്ദു മൂസവാല വെടിയേറ്റു കൊല്ലപ്പെട്ടത്. സിദ്ദുവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയ് ഏറ്റെടുത്തിരുന്നു. 2018ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ് കോടതിയില്‍ നടക്കുമ്ബോള്‍ സല്‍മാന്‍ ഖാനെ ലോറന്‍സിന്റെ ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയിരുന്നു.