എൻഐഎ കസ്റ്റഡിയിലുള്ള മൂന്ന് തീവ്രവാദികൾ കുറേക്കാലമായി കേരളത്തിൽ ഉണ്ടായിരുന്നതായി സൂചന

കൊച്ചി: എൻഐഎ കസ്റ്റഡിയിലുള്ള മൂന്ന് തീവ്രവാദികൾ കഴിഞ്ഞ കുറേക്കാലമായി കേരളത്തിൽ ഉണ്ടായിരുന്നതായി സൂചന. കൊച്ചിയിൽനിന്ന് പിടിയിലായ അൽ ഖായിദ ഭീകരൻ യാക്കൂബ് ബിശ്വാസ് ഇടുക്കിയിലെ അടിമാലിയിൽ ജോലി ചെയ്തിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അടിമാലിയിൽ പെരുമ്പാവൂർ സ്വദേശിയായ ആൾ നടത്തിയ ചപ്പാത്തിക്കടയിലായിരുന്നു യാക്കൂബ് വിശ്വാസ് ജോലി ചെയ്തത്.
കേരളത്തിൽ നിന്നും ബംഗാൾ സ്വദേശികളെക്കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണവിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ഏഴ് മാസം മാത്രമാണ് ഈ ചപ്പാത്തി കട അടിമാലിയിൽ പ്രവർത്തിച്ചത്. പിന്നീട് ഇത് അടച്ചു പൂട്ടി. ചപ്പാത്തിക്കടയുടെ ഉടമയെ കേന്ദ്രീകരിച്ച് പൊലീസ് ഇപ്പോൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കളമശ്ശേരിക്ക് അടുത്ത പാതാളത്ത് നിന്നും പിടിയിലായ മുർഷിദ് രണ്ട് മാസം മുൻപാണ് ഇവിടെ താമസിക്കാനെത്തിയത് എന്നാണ് കെട്ടിട ഉടമ പറയുന്നത്. ആധാർ അടക്കം തിരിച്ചറിയൽ രേഖ നൽകിയാണ് ഇയാൾ ഇവിടെ കേറിപ്പറ്റിയത്. ഇയാളിൽ നിന്നും ഒരു ലാപ്പ് ടോപ്പും രണ്ട് മൊബൈലും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Loading...

പെരുമ്പാവൂരിൽ നിന്നും പൊലീസ് പിടികൂടിയ മൊഷറഫ് ഹുസൈൻ എന്നയാൾ കഴിഞ്ഞ ഏഴ് വർഷമായി കൊച്ചിയിലുണ്ട് എന്നാണ് ഇയാളെ പരിചയമുള്ളവർ പറയുന്നത്. പെരുമ്പാവൂരിലെത്തിയ അന്ന് മുതൽ ഒരു തുണിക്കടയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. കുടുംബസമേതം പെരുമ്പാവൂരിൽ താമസിച്ചിരുന്ന ഇയാളുടെ കൂടെ ഭാര്യയും രണ്ട് മക്കളും ഉണ്ടായിരുന്നു. പെരുമ്പാവൂർ നടക്കല്ലിലാണ് ഇയാൾ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.

അതേസമയം മൂന്ന് തീവ്രവാദികളേയും എൻഐഎ അറസ്റ്റ് ചെയ്തതല്ലെന്നും ലോക്കൽ പൊലീസ് പിടികൂടി കൈമാറുകയായിരുന്നുവെന്നുമാണ് വിവരം. എൻഐഎയുടെ ആവശ്യപ്രകാരമാണ് പൊലീസ് മൂന്ന് പേരേയും താമസസ്ഥലത്ത് നിന്നും പിടികൂടിയത്. മൂന്ന് പേരുടേയും വിശദാംശങ്ങൾ എൻഐഎ പൊലീസിന് കൈമാറിയില്ല. രണ്ട് പേരെ പെരുമ്പാവൂർ പൊലീസ് പിടികൂടിയപ്പോൾ ഒരാളെ ചേരാനെല്ലൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.