ആന്ധ്രാപ്രദേശിന് ഇനി മൂന്ന് തലസ്ഥാനങ്ങള്‍

അമരാവതി: പ്രതിഷേധങ്ങള്‍ക്കിടെ ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനങ്ങള്‍ കൊണ്ടുവരാനുള്ള ബില്ല് നിയമസഭ പാസ്സാക്കി. ടിഡിപി അംഗങ്ങള്‍ ബഹിഷ്‌കരിച്ചതിനെത്തുടര്‍ന്ന് ശബ്ദവോട്ടോടെയാണ് ബില്ല് പാസ്സായത്.മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം ഇതിനുള്ള അംഗീകാരം നല്‍കി.ഇതുമായി ബന്ധപ്പെട്ട ബില്‍ ഇതിനോടകം നിയമസഭയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

അമരാവതി, വിശാഖപട്ടണം, കുര്‍ണൂല്‍ എന്നിങ്ങനെ മൂന്ന് തലസ്ഥാനങ്ങളാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നിയമസഭയുടെ കേന്ദ്രം അമരാവതിയായിരിക്കും. സെക്രട്ടറിയേറ്റും മറ്റ് ഭരണ സംവിധാനങ്ങളും വിശാഖപട്ടണത്തും ജുഡീഷറി കുര്‍ണൂലും ആയി വിഭജിച്ചിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഈ നീക്കത്തിന് എതിരാണ്.

Loading...

കൂടാതെ തലസ്ഥാനം അമരാവതിയില്‍ നിന്നും മൂന്നായി വിഭജിക്കുന്നതിനെതിരെ സംസ്ഥാനത്ത് വന്‍ പ്രതിഷേധങ്ങളാണ് നടക്കുന്നത്.അമരാവതിയെ പ്രത്യേക തലസ്ഥാന പ്രദേശമായി പ്രഖ്യാപിച്ച 2014 ലെ ചട്ടം റദാക്കി. മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് ഇതടക്കമുള്ള നാല് ബില്ലുകള്‍ക്ക് അംഗീകാരം നല്‍കിയത്.

അമരാവതിയില്‍ ഏക്കറുകണക്കിന് ഭൂമി കര്‍ഷകരില്‍ നിന്നും ഏറ്റെടുത്താണ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായ്‍ഡു തലസ്ഥാനനഗരത്തിന്‍റെ നിര്‍മ്മാണം തുടങ്ങിയത്. നിലവില്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണങ്ങളടക്കം ഇപ്പോള്‍ പാതിവഴിയില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കര്‍ഷകരാണ് തുടക്കത്തില്‍ മൂന്ന് തലസ്ഥാനം എന്ന പ്രഖ്യാപനത്തിനെതിരെ സമരവുമായി രംഗത്തെത്തിയത്. പിന്നീട് പ്രതിപക്ഷകക്ഷികളും പ്രക്ഷോഭം ഏറ്റെടുക്കുകയായിരുന്നു.