ഒളിമ്പിക്‌സില്‍ ആശങ്ക കനക്കുന്നു; മൂന്നു കായിക താരങ്ങള്‍ക്ക് കൂടി കോവിഡ്

ടോക്കിയോ: ആശങ്കയായി ഒളിംപിക് വില്ലേജില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. മൂന്ന് അത്ലീറ്റുകള്‍ക്ക് കൂടി രോഗം ബാധിച്ചതായി ഒളിംപിക് സംഘാടക സമിതി അംഗങ്ങള്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

മൂന്നില്‍ ഒരു കേസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചതാണ്. ഒളിംപിക് വില്ലേജില്‍ താരങ്ങളുടേയും പരിശീലകരുടേയും ഒഴുക്ക് തന്നെ സംഭവിക്കുന്ന പശ്ചാത്തലത്തില്‍ ഉയരുന്ന വൈറസ് ബാധ വലിയ ആശങ്കയാവുകയാണ്.

Loading...

സംഘാടക സമിതി, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ ഒളിംപിക്സുമായി ബന്ധപ്പെട്ട 10 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍.

സൗത്ത് കൊറിയയില്‍ നിന്നെത്തിയ അന്താരാഷ്ട്ര ഒളിംപിക് സമിതി അംഗത്തിന് രോഗം ബാധിച്ചിരുന്നു. റ്യു സ്യൂങ് മിന്നിനാണ് രോഗം ബാധിച്ചത്. മുന്‍ ഒളിംപിക് അത്ലീറ്റ് കൂടിയായ സ്യൂങ് മിന്‍ വാക്സിന്‍ സ്വീകരിച്ചതാണ്.

അതേസമയം, ടോക്കിയോയിലും കേസുകള്‍ കൂടുകയാണ്. കഴിഞ്ഞ നാല് ദിവസം 1000 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.