സ്റ്റാറ്റന്‍ ഐലന്‍ഡ്: അവള്‍ ഒരു മാലാഖ തന്നെയായിരുന്നു; അവള്‍ ഇന്ന് മൂന്നുപേരില്‍ ജീവിക്കുന്നു. തന്റെ മകള്‍ ദാനം നല്‍കിയ ജീവനിലൂടെ ജീവിക്കുന്ന മൂന്നുപേരെ കണ്ടപ്പോള്‍ ആ മാതാവിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. ഹൃദയമിടിപ്പിന്റെ ശക്തിവര്‍ദ്ധിച്ചു. ഈ അവിസ്മരണീയ മുഹൂര്‍ത്തം ഇന്നലെ ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്‍ഡിലാണ് നടന്നത്.
ഡിസംബര്‍ 4-നായിരുന്നു പട്രീഷ്യ അല്‍മോണ്ടയുടെ മകള്‍ വെറോണിക്ക ഗ്രേസ് ഗാര്‍സിയ മരിച്ചത്. അതും അവളുടെ മൂന്നാം പിറന്നാളിന് ആഴ്ചകള്‍മാത്രം അവശേഷിക്കുന്ന സമയത്ത്. മൈക്രോപ്രിമച്വര്‍ ആയിട്ടായിരുന്നു അവളുടെ ജനനം. സെറിബ്രല്‍ പാള്‍സി എന്ന രോഗത്തിനടിമയുമായിരുന്നു ആ കുഞ്ഞ്. ജനിച്ചപ്പോഴേ ഡോക്ടര്‍മാര്‍ വിധിയെഴുതി അവള്‍ രണ്ടുവയസ് തന്നെ ജീവിക്കാന്‍ 10 ശതമാനം സാധ്യതമാത്രമെ ഉള്ളുവെന്ന്. ജനനസമയത്ത് ഒരുകിലോയില്‍ അല്പം കൂടുതല്‍ മാത്രമായിരുന്നു അവളുടെ ഭാരം. ഹൃദയഭാഗത്ത് ഒരു ദ്വാരമുണ്ടായിരുന്ന അവള്‍ക്ക് നടക്കാനും, സംസാരിക്കാനും, കാണാനും പ്രയാസം നേരിടുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ച് അവള്‍ മൂന്നുവയസ്സിനടുത്തുവരെയെത്തി. അവള്‍ നന്നായി ഇംഗ്ലീഷും, സ്പാനീഷും സംസാരിച്ചു. സംഗീതത്തോട് വളരെ താല്പര്യവുമായിരുന്നു അവള്‍ക്ക്. ഒടുക്കം റിച്ച്മോണ്ട് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വച്ച് അവള്‍ ആ അമ്മയ്ക്ക് ധാരാളം ഓര്‍മ്മകള്‍ സമ്മാനിച്ച് കടന്നുപോയി.
തന്റെ കുഞ്ഞ് മരിച്ച അന്നുതന്നെ അവളുടെ ശരീരാവയവങ്ങള്‍ പട്രീഷ്യ ദാനം നല്‍കി. 8-മാസംമാത്രം പ്രായമുള്ള പിഞ്ചുപൈതല്‍ എസ്സെന്‍സ് വോള്‍സിനാണ് വെറോണിക്കയുടെ ഹൃദയം ലഭിച്ചു. കരള്‍ ബ്രൂക്കിലിന്‍കാരനായ ജസ്റ്റിന്‍ ഫ്രോഡ്ജെ എന്ന 2 വയസ്സുകാരനും, കിഡ്നികള്‍ 68-കാരി സ്ത്രീക്കും, കണ്ണുകള്‍ വേറെ ഒരാള്‍ക്കും ലഭിച്ചു.
ലിവ്‌ഓണ്‍ന്യൂയോര്‍ക്ക് കഴിഞ്ഞ ആഴ്ച പട്രീഷ്യ അല്‍മോണ്ടും അവരുടെ മകളിലൂടെ ജീവിക്കുന്നവരുമായി ഒരു കൂടിക്കാഴ്ച നടത്തി. തന്റെ മകള്‍ ജീവന്‍ നല്‍കിയ അവരെ കണ്ടപ്പോള്‍ പറയാന്‍ വാക്കുകളില്ലായിരുന്നു പട്രീഷ്യയ്ക്ക്. മറ്റുള്ളവര്‍ക്കും. അതെ അവള്‍ ഒരു മാലാഖ തന്നെയായിരുന്നുവെന്ന് കൂടിയിരുന്നവര്‍ പറഞ്ഞു.
ലോകത്തില്‍ ഏറ്റവും അമൂല്യമായ ഒന്നാണ് ശരീരാവയവങ്ങള്‍. അവയുടെ വില നിശ്ചയിക്കാന്‍ ആര്‍ക്കുമാവില്ല. ഒരു വ്യക്തിയുടെ മരണശേഷം മാത്രമെ അവ ലഭിക്കുകയുള്ളുവെന്നതാണ് അവയെ ഏറ്റവും പ്രധാനപ്പെട്ടതാക്കി മാറ്റുന്നത്. അവ ദാനം നല്‍കാനുള്ള മനസ്സുള്ളവര്‍ തന്നെ വളരെ കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്വന്തം കുഞ്ഞിന്റെ ശരീരാവയവങ്ങള്‍ മൂന്നുപേര്‍ക്ക് ജീവന്‍ നല്‍കിയതില്‍ അഭിമാനിക്കുകയാണ് ഇന്ന് ആ സ്റ്റാറ്റന്‍ ഐലന്‍ഡുകാരി മാതാവ്.