കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളെ അവഗണിച്ചുള്ള ഒത്തുകൂടലുകള്‍ക്ക് മൂന്നുമാസം തടവോ 5000 ദീനാര്‍ പിഴയോ ലഭിക്കും. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷ കാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സൂബിയാണ് കര്‍ശന മുന്നറിയിപ്പ് നല്‍കിയത്.
ഒത്തുകൂടലുകള്‍ പിടികൂടാനായി പൊലീസ് 24 മണിക്കൂറും ഫീല്‍ഡ് പരിശോധന നടത്തുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാളുകളിലും മറ്റും നടത്തുന്ന ഒത്തുകൂടലുകള്‍ക്കും വിലക്ക് ബാധകമാണ്. കേവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലും ഒത്തുചേരലുകള്‍ പൂര്‍ണമായി നിലച്ചിട്ടില്ല എന്ന് റിപ്പോര്‍ട്ടുകളുണ്ട്. കുടുംബസംഗമങ്ങള്‍ ഉള്‍പ്പെടെ എല്ലാതരം പാര്‍ട്ടികളും വിലക്കിയിട്ടുണ്ട്.
പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍ എത്തിയ അതീവ ഗുരുതരമായ അവസ്ഥയാണ് രാജ്യത്തുള്ളത്. അഞ്ചോ ആറോ മരണവും എല്ലാ ദിവസവും ഉണ്ടാകുന്നുണ്ട്. 150നടുത്ത് ആളുകള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തീവ്രപരിചരണ വാര്‍ഡുകളുടെ മൂന്നിലൊന്ന് നിറഞ്ഞു. ഇനിയും കേസുകളും ഗുരുതരാവസ്ഥിയിലുള്ളവരുടെ എണ്ണവും വര്‍ധിച്ചാല്‍ സ്ഥിതി നിയന്ത്രണാതീതമാകും.