‌‌‌ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് അമ്മയെ മകൻ വെട്ടിക്കൊന്നു

ചങ്ങനാശേരി: ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് അമ്മയെ മകൻ വെട്ടിക്കൊന്നു. തൃക്കൊടിത്താനം അമര കന്യാക്കോണിൽ (വാക്കയിൽ) കുഞ്ഞന്നാമ്മ (55)യെ ആണ് മകൻ കൊന്നത്. അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ നിതിൻ ബാബുവിനെ (27) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി പത്തരയോടെ ഇവരുടെ വീട്ടിൽ വച്ചായിരുന്നു സംഭവം.

കൊലപാതകത്തിന് ശേഷം അയൽക്കാരനെ പ്രതിയായ നിതിൻ ഫോണിൽ വിളിച്ചു സംഭവം പറയുകയായിരുന്നു. ഇവരുടെ വീടിനു മുന്നിലുള്ള ഗ്രിൽ പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തി ഗ്രിൽ പൊളിച്ചാണ് വീടിനുള്ളിൽ പ്രവേശിച്ചത്. വീടിനുള്ളിൽ എത്തിയപ്പോൾ കിടപ്പുമുറിയിൽ കുഞ്ഞന്നാമ്മയെ കഴുത്തറത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കറിക്കരിയുന്ന കത്തിയാണ് കൊലപാതകത്തിന് ഉപയോ​ഗിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Loading...

നിതിൻ നിരന്തരം വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നതായി സമീപവാസികൾ പോലീസിനോട് പറഞ്ഞു. കുറ്റം സമ്മതിച്ച നിതിനെ തൃക്കൊടിത്താനം സിഐ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കസ്റ്റഡിയിൽ എടുത്തത്. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമല്ല.