തൃക്കാക്കരയിൽ ഡോ.ജോ ജോസഫ് എൽഡിഎഫ് സ്ഥാനാർത്ഥി

സസ്പെൻസുകൾക്കൊടുവിൽ തൃക്കാക്കരയിൽ ഡോ.ജോ ജോസഫിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ അൽപസമയം മുൻപ് വാർത്താ സമ്മേളനം നടത്തിയാണ് ഇക്കാര്യം അറിയിച്ചത്. കോതമംഗലം സ്വദേശിയായ അദ്ദേഹം ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധനാണ്. സിപിഎം പാർട്ടി ചിഹ്നത്തിലാകും അദ്ദേഹം തൃക്കാക്കരയിൽ മത്സരിക്കുക. തൃക്കാക്കരയിൽ ഇടത് പക്ഷ മുന്നണി വൻ വിജയം നേടുമെന്ന പ്രതീക്ഷ ഇപി ജയരാജൻ പങ്കുവെച്ചു. കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടിയാണ് ഇടത് മുന്നണി ജനങ്ങളെ സമീപിക്കുന്നതെന്നും കാലതാമസം ഉണ്ടായത് നടപടി പൂർത്തിയാകാത്തതിനാലാണെന്നും ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തൃക്കാക്കരയിൽ ഇടത് മുന്നണിയ്ക്ക് ‘മുത്ത് പോലത്തെ സ്ഥാനാർത്ഥി’യെന്നാണ് ജോ ജോസഫിനെ ഇപി ജയരാജൻ വിശേഷിപ്പിച്ചത്.