തൃക്കാക്കര ബൂത്തിലെത്താൻ ഇനി രണ്ടു നാൾ; പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം

കൊച്ചി; തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കാൻ ഇനി ബാക്കിയുള്ളത് രണ്ട് ദിനങ്ങൾ മാത്രം. പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശമായി. ഇനി നിശബ്ദ പ്രചരണത്തിന്റെ മണിക്കൂറുകളാണ്. മൂന്ന് മുന്നണികളുടെയും നൂറു കണക്കിന് പ്രവർത്തകർ ഇരച്ചെത്തിയ പ്രകടനങ്ങളോടെ പാലാരിവട്ടം ജംക്ഷനിൽ പ്രചാരണം കൊട്ടിക്കയറി അവസാനിച്ചു. രണ്ട് ലക്ഷത്തോളം വോട്ടർമാരുള്ള മണ്ഡലത്തിൽ അട്ടിമറി ജയം നേടുമെന്ന് എൽഡിഎഫും ഭൂരിപക്ഷം ഉയർത്തുമെന്ന് യുഡിഎഫും അവകാശപ്പെടുകയാണ്. ഇരു മുന്നണികളെയും ഞെട്ടിക്കുന്ന ജയം നേടുമെന്നാണ് ബിജെപിയുടെ അവകാശവാദം.

യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികളും അണികളും മണ്ഡലത്തിൻറെ വിവിധ ഭാഗങ്ങളിലായി സഞ്ചരിച്ച് അവസാന റൌണ്ടിലും പ്രചാരണം ഉഷാറാക്കി. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളെല്ലാം തൃക്കാക്കരയിലെത്തിയിരുന്നു. മണ്ഡലം ചുറ്റിയെത്തുന്ന സ്ഥാനാർത്ഥികളും പ്രവർത്തകരുമെല്ലാം പാലാരിവട്ടത്തേക്ക് ആണെത്തിയത്.എൻഡിഎയുടെ പ്രചാരണജാഥ തൃക്കാക്കരയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് പാലാരിവട്ടത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് എത്തി. എ.എൻ.രാധാകൃഷ്ണനൊപ്പം പി.സി.ജോർജ്ജും വാഹനജാഥയിൽ പങ്കെടുത്തു. ഉമാ തോമസിനൊപ്പം ചലച്ചിത്രതാരം രമേശ് പിഷാരടിയും പ്രചാരണ വാഹനത്തിലുണ്ടായിരുന്നു.

Loading...