ആൻജിയോഗ്രാം നടത്തുന്നതിനിടെ ഉപകരണത്തിന്റെ ഭാഗം ഹൃദയവാൽവിൽ തറഞ്ഞു കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം: ശസ്ത്രക്രിയയ്ക്കു ചെലവായ 2,60,000 രൂപ തിരികെ നൽകാമെന്ന് തട്ടാരമ്പലത്തിലെ ആശുപത്രി അധികൃതർ

തൃക്കുന്നപ്പുഴ: ആൻജിയോഗ്രാം നടത്തുന്നതിനിടെ ഉപകരണത്തിന്റെ ഭാഗം ഹൃദയവാൽവിൽ തറഞ്ഞു കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചിങ്ങോലി ആരാധനയിൽ അജിത് റാമിന്റെ ഭാര്യ ബിന്ദു ആണ് (55) ചൊവ്വ രാത്രി ചികിൽസയ്ക്കിടയിൽ മരിച്ചത്. മാവേലിക്കര, തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. അപകടത്തെ തുടർന്ന് ബിന്ദുവിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ മാസം 4ന് ആയിരുന്നു തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ആൻജിയോഗ്രാം.

ശാരീരിക അസ്വസ്ഥതകൾ മൂലം കഴിഞ്ഞ മാസം മൂന്നാം തീയതിയാണ് ബിന്ദു മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത് പിന്നീട്ഡോക്ടറുടെ നിർദേശ പ്രകാരം ആൻജിയോഗ്രാം നടത്തുകയായിരുന്നു. ഇതിനിടയിലാണ് ആൻജിയോഗ്രാമിനുപയോഗിക്കുന്ന കത്തീറ്റർ ബിന്ദുവിന്റെ ഹൃദയത്തിൽ തുളഞ്ഞു കയറിയത്. ചികിത്സയ്ക്കിടെ ഉപകരണം ഒടിഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് ബിന്ദുവിനെ മറ്റൊരു ആശുപത്രിയിൽ എത്തിച്ച് ഉപകരണത്തിന്റെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കുകയായിരുന്നു. ആശുപത്രിയിൽനിന്നെത്തി വീട്ടിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി അസ്വസ്ഥത ഉണ്ടായി. ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല.

Loading...

തട്ടാരമ്പലത്തിലെ ആശുപത്രിയിലുണ്ടായ സംഭവത്തെപ്പറ്റി ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ശസ്ത്രക്രിയയ്ക്കു ചെലവായ 2,60,000 രൂപ നൽകാമെന്ന് തട്ടാരമ്പലത്തിലെ ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. ഉപകരണം ഒടിഞ്ഞു വീഴുന്നത് അപൂർവമായി സംഭവിക്കുന്നതാണെന്നും വിശദീകരിച്ചു. ഭാര്യയുടെ രോഗവിവരം അറിഞ്ഞ് മസ്കത്തിൽ നിന്ന് എത്തിയ അജിത് റാം ചിങ്ങോലി പഞ്ചായത്തിന്റെ ക്വാറന്റീൻ‌ കേന്ദ്രത്തിലാണ്. കാലാവധി കഴിയാൻ 3 ദിവസം കൂടിയുണ്ട്. ബിന്ദുവിന്റെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്. മക്കൾ: ആദർശ് റാം, ദർശന റാം, മരുമക്കൾ: ശ്രീദേവി (അസി.എൻജിനീയർ, ചിങ്ങോലി പഞ്ചായത്ത്), അരവിന്ദ് (ന്യൂസിലൻഡ്). ആശുപത്രിക്കെതിരെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ‌ചികിത്സ പിഴവിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ എസ്പിക്ക് പരാതി നൽകി. പിഴവ് സംഭവിച്ചതായി സ്വകാര്യ ആശുപത്രി വ്യക്തമാക്കിയിട്ടുണ്ട്. മരണ കാരണം പരിശോധിക്കാൻ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌ മോർട്ടത്തിനു വിധേയമാക്കിയിട്ടുണ്ട്.