തൃശൂർ : സംസ്ഥാനത്തെ ഞെട്ടിച്ച വാർത്തയായിരുന്നു തിരുവില്വാമല പട്ടിപ്പറമ്പിൽ എട്ടുവയസ്സുകാരി ആദിത്യശ്രീ മൊബൈൽ പൊട്ടിത്തെറിച്ച് മരിച്ചു എന്ന വാർത്ത. എന്നാൽ കുട്ടി മരിച്ചത് മൊബൈൽ പൊട്ടിത്തെറിച്ചല്ല എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. സംഭവത്തിൽ ആദ്യഘട്ട അന്വേഷണവും നിഗമനവും പാളിയെന്നു തെളിഞ്ഞതോടെ പൊലീസും പ്രതിക്കൂട്ടിൽ. മറ്റു സാധ്യതകൾ പരിഗണിക്കാതെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചാണു കുട്ടിയുടെ മരണമെന്ന നിഗമനം പ്രഖ്യാപിച്ചതിൽ പൊലീസിനും സ്ഥലം സന്ദർശിച്ച ഫൊറൻസിക് വിദഗ്ധർക്കും തെറ്റ് പറ്റി ,എന്നതാണ് വ്യക്തമാകുന്നത്.
ഗുരുതര വീഴ്ച സംഭവിച്ചെന്നു വ്യക്തമായതോടെ വകുപ്പുതല അന്വേഷണത്തിനും ശിക്ഷാനടപടിക്കും വഴിയൊരുങ്ങി. ഫോൺ പൊട്ടിത്തെറിച്ചുണ്ടാകാവുന്ന അപകടത്തിന്റെ ലക്ഷണമല്ല മൃതശരീരത്തിലുള്ളതെന്നും വായ്ക്കുള്ളിലോ വായയോടു ചേർന്നോ സംഭവിച്ച ശക്തമായ സ്ഫോടനമാകാം മരണത്തിനു കാരണമായതെന്നും ഫൊറൻസിക് സർജൻ ഡോ. എൻ.കെ. ഉന്മേഷ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് ഉദ്യോഗസ്ഥർ കണക്കിലെടുത്തില്ല.
മുറിക്കുള്ളിൽ ഉണ്ടായത് ഉഗ്രസ്ഫോടനം ആണെന്ന് സമീപവാസികൾ ഉൾപ്പടെ മൊഴി നൽകിയിരുന്നു. കിടപ്പുമുറിയിലെ ജനൽച്ചില്ലടക്കം പൊട്ടിയിരുന്നു. ഫോണിന്റെ ചില്ലു മാത്രമാണു പൊട്ടിയതെന്നതിനാൽ ഇത്ര വലിയ സ്ഫോടനത്തിനു കാരണം മറ്റെന്തോ ആണെന്നു ബന്ധുക്കളും സംശയം ഉന്നയിച്ചിരുന്നു. എന്നിട്ടും മൊബൈൽ ഫോൺ പൊട്ടിത്തെറിയാണു മരണകാരണമെന്ന നിലപാടിൽ പോലീസ് ഉറച്ചു നിന്നു.
കഴിഞ്ഞ ജൂലൈയിൽ ഫൊറൻസിക് ലാബിൽ നിന്നു പ്രാഥമിക പരിശോധനാ ഫലം വന്നപ്പോഴാണു ഫോൺ പൊട്ടിത്തെറിച്ചതല്ലെന്നു വ്യക്തമായത്. പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ എന്നിവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പന്നിപ്പടക്കമാകാം പൊട്ടിത്തെറിച്ചതെന്നു സംശയമുണർന്നു. ഈ വിവരം പോലീസ് കുറ്റോയിയുടെ മാതാപിതാക്കളോടും പറഞ്ഞില്ല. ഇന്റലിജൻസ് ആസ്ഥാനത്തു നിന്നു കമ്മിഷണർക്കു കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ചു വിവരം ലഭിച്ചതാണു ഫൊറൻസിക് റിപ്പോർട്ട് വീണ്ടും പൊങ്ങിവരാനിടയാക്കിയത്. സംഭവത്തിൽ കുട്ടിയുടെ വീട്ടുകാർ പ്രതികരിച്ചില്ല.