വാഹനാപകടത്തിൽ പരികേറ്റവരെ സർക്കാർ ആശുപത്രിയിൽ അരമണിക്കൂർ തിരിഞ്ഞ് നോക്കാതെ ഒടുവിൽ സ്വകാര്യ ആശുപത്രിയിലേക്ക് ഓടിച്ചു

തൃശുർ: വാഹനാപകടത്തിൽ പരികേറ്റ് ഓടി സർക്കാർ ആശുപത്രിയിൽ ചെന്നാൽ അവിടെ ഇന്നും പഴയ പടിയാണ്‌ കാര്യങ്ങൾ. പോലീസ് കേസും കോടതിയുമൊക്കെ കയറേണ്ടിവരുമെന്നതിനാൽ ഡോക്ടർമാർക്ക് ഇപ്പോഴും അപകടത്തില്പെട്ട് ചോര ഒലിപ്പിച്ച് ജീവനായി മല്ലടിക്കുന്നവരോട് തികഞ്ഞ പുച്ഛം തന്നെ. ഇതാ ബൈക്കുകൾ കൂട്ടിച്ച് പരികേറ്റ രണ്ട് പേരേ തൃശുർ ജില്ലാ ആശുപത്രിയിൽ ചികിൽസിച്ച രീതി ഇങ്ങിനെ. ചോര ഒലിപ്പിച്ച് ചെന്ന ബൈക്ക് മാധ്യമ പ്രവർത്തകൻ കൂടിയായ സി.ടി.വില്യംസിനെയും പെൺകുട്ടിയേയും അര മണിക്കൂർ തൃശൂർ ജില്ലാ ആശുപത്രിയിൽ ഡോക്ടർ തിരിഞ്ഞ് നോക്കിയില്ല. ആരും പ്രാഥമിക ചികിൽസ പോലും കൊടുത്തില്ല. ഒടുവിൽ ആശുപത്രി ജീവനക്കാരൻ തന്നെ ഇവരെ അറിയിച്ച്..നിന്ന് സമയം കളയാതെ സ്വകാര്യ ആശുപത്രിയിൽ എങ്ങാനും ഉടൻ പോക്കോളാൻ. ഇതുമായി ബന്ധപ്പെട്ട് സി.ടി വില്യംസ് തന്നെ പറയുന്നത് ഇങ്ങിനെ……

ആ പെണ്‍കുട്ടി അത്രയ്ക്ക് സ്പീഡിലാണ് ആക്ടിവ ഓടിച്ചുവന്നത്. അവളുടെ മകളും ബാക്ക് സീറ്റില്‍ ഉണ്ടായിരുന്നു. അതും ഒരു നാലും കൂടിയ ജങ്ങ്ഷനില്‍. ഞാന്‍ എന്റെ വീട്ടിലേക്കുള്ള സ്ഥിരം വളവ് തിരിയുകയായിരുന്നു. പൊതുവേ സ്പീഡില്‍ വണ്ടി ഓടിക്കുന്ന സ്വഭാവക്കാരനല്ല ഞാന്‍. പിന്നെ വളവ് കൂടി തിരിയുമ്പോള്‍ എന്റെ സ്പീഡ് ആര്‍ക്കും കണക്കാക്കാവുന്നതെ ഉള്ളൂ. അവള്‍ എന്റെ ബൈക്കില്‍ വന്നിടിക്കുകയായിരുന്നു. ഭാഗ്യത്തിന് ആ പെണ്‍കുട്ടിക്കും മകള്‍ക്കം എനിക്കും കാര്യമായി ഒന്നും സംഭവിച്ചില്ല. വലതുകാല്‍ ബൈക്കിന്നടിയില്‍ പെട്ടു. ഇടതുകാലില്‍ എവിടെനിന്നോ ഒരു കുത്തും കിട്ടി. ഏതാണ്ട് ഇതുപോലെത്തന്നെ ആ പെണ്‍കുട്ടിക്കും പരിക്കുണ്ടായി.   തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചെന്നു. അപ്പോള്‍ അവിടെ മൂന്നു ഡോക്ടര്‍മാര്‍ ഡ്യുട്ടിയില്‍ ഉണ്ടായിരുന്നു. ഏകദേശം അര മണിക്കൂര്‍ കാത്തിരുന്നു. പല വട്ടം ഡോക്ടര്‍മാരോട് അപേക്ഷിച്ചിട്ടും, ആരും ഞങ്ങളെ ശ്രദ്ധിച്ചില്ല.

Loading...

ഞങ്ങള്‍ക്കുണ്ടായ മുറിവുകള്‍ പരിശോധിക്കുകയോ പ്രാഥമിക ചികിത്സ തരികയോ ഉണ്ടായില്ല. എല്ലാവരും ഇതുമായി ബന്ധപ്പെട്ട പോലീസ് കേസിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഒരുപക്ഷെ നിയമം അതാവാം. പക്ഷെ അപകടങ്ങളില്‍ പെടുന്നവര്‍ക്ക് ആദ്യം പ്രാഥമിക ചികിത്സാസഹായം എത്തിക്കേണ്ട ആവശ്യമില്ലേ. ഉണ്ടെന്നുതന്നെയാണ് എന്റെ വിശ്വാസം. അവസാനം പരിചയമുള്ള ആശുപത്രി ജീവനക്കാരന്‍ പറഞ്ഞു. “ സാര്‍ ഏതെങ്കിലും സ്വകാര്യ ആശുപത്രിയില്‍ പൊയ്ക്കോളൂ. ഇവിടെ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. ഇതൊക്കെ എനിക്കും അറിയാവുന്ന കാര്യങ്ങള്‍ തന്നെ. എന്നാലും സര്‍ക്കാര്‍ ആശുപത്രിയുടെ ഇപ്പോഴത്തെ അവസ്ഥ മാറിയിരിക്കും എന്നാണ് കരുതിയത്‌. ആശുപത്രി ജീവനക്കാരന്‍ പറഞ്ഞാല്‍ പിന്നെ സമയം കളഞ്ഞിട്ടു കാര്യമില്ലല്ലോ. അടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് തിരിച്ചു. അര മണിക്കൂറിന്നുള്ളില്‍ എക്സ് റെ അടക്കം പ്രഥമ ചികിത്സയും ലഭ്യമായി. രണ്ടുപേരുടെയും ചികിത്സാ ചെലവ് ഞാന്‍ തന്നെ വഹിച്ചു. ഒരിക്കല്‍ക്കൂടി ഗുണപാഠം ആവര്‍ത്തിക്കട്ടെ: അപകടങ്ങളില്‍ അകപ്പെട്ടാല്‍ സ്വകാര്യ ആശുപത്രി തന്നെ ഇപ്പോഴും ശരണം. അപകടങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ. വാഹനം ഓടിക്കുമ്പോള്‍ പ്രത്യേകിച്ച് നാലും കൂടിയ ജങ്ങ്ഷനില്‍ വളരെ ശ്രദ്ധിച്ച് വാഹനം ഓടിക്കുക. അപകടം ഉണ്ടാവുമ്പോള്‍ എല്ലാവരും അവരവരെ തന്നെ ന്യായീകരിക്കും. അതുകൊണ്ട് ആ പെണ്‍കുട്ടിയോടും ഞാന്‍ ഒന്നുംതന്നെ പറഞ്ഞില്ല.