രണ്ട് പേരുടെ മരണം; ചടങ്ങുകള്‍ വെട്ടിക്കുറച്ച് തൃശൂര്‍ പൂരം സമാപിച്ചു

തൃശൂര്‍: ഈ വര്‍ഷത്തെ തൃശൂര്‍ പൂരം സമാപിച്ചു. മരം വീണുണ്ടായ അപകടത്തില്‍ കഴിഞ്ഞ ദിവസം രാത്രി രണ്ട് പേര്‍ മരിച്ചിരുന്നു. തുടര്‍ന്നാണ് ചടങ്ങുകള്‍ എല്ലാം വെട്ടിച്ചുരുക്കി തൃശൂര്‍ പൂരം വെട്ടിച്ചുരുക്കിയത്. ഒരാനപ്പുറത്ത് എഴുന്നള്ളിയ പാറമേക്കാവ്, തിരുവമ്പാടി ദേവതകള്‍ ശ്രീമൂലം സ്ഥാനത്ത് വച്ച് ഉപചാരം ചൊല്ലി പിരിയുകയായിരുന്നു. ഇതോടെയാണ് ഈ വര്‍ഷത്തെ ചടങ്ങുകള്‍ വെട്ടിച്ചുരുക്കിയത്. രാവിലെ എട്ടരയോടെയാണ് പൂരം അവസാനിച്ചത്. ഉച്ചവരെ ഉണ്ടാകാറുള്ള പകല്‍പ്പൂരവും പിന്നീട് നടക്കുന്ന ഉപചാരം ചൊല്ലിപ്പിരിയലും എല്ലാം നേരത്തെ തന്നെ പൂര്‍ത്തിയാക്കിയാണ് ചടങ്ങുകള്‍ അവസാനിപ്പിച്ചത്.

ഉപാചരം ചൊല്ലിപിരിയാനായി ഒരാനപ്പുറത്താണ് തിരുവമ്പാടിയും പാറമേക്കാവും എഴുന്നള്ളിയത്. തിരുവമ്പാടി നേരത്തെ തന്നെ ഒരാനപ്പുറത്ത് എഴുന്നള്ളും എന്ന് വ്യക്തമാക്കിയിരുന്നു. ഇന്നലെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ പാറമേക്കാവ് 15 ആനകളെ വച്ചു നടത്താനിരുന്ന എഴുന്നള്ളത്ത് ഒരാനയെവച്ച് നടത്തി.മേളത്തിന്റെ സമയവും വാദ്യക്കാരുടെ എണ്ണവും കുറച്ച് എഴുന്നള്ളിയ ഭഗവതിമാര്‍ ശ്രീമൂലം സ്ഥാനത്ത് വന്ന് ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് തൃശ്ശൂര്‍ പൂരത്തിന് സമാപനമായത്. അടുത്ത തൃശ്ശൂര്‍ പൂരത്തിനുള്ള തീയതി നിശ്ചയിച്ച ശേഷമാണ് ഈ പൂരത്തിന് സമാപനമായത്. 2022 മെയ് 10-നാണ് അടുത്ത തൃശ്ശൂര്‍ പൂരം. മെയ് പതിനൊന്നിനായിരിക്കും പകല്‍പ്പൂരം.മുപ്പത് കൊല്ലത്തിലേറെയായി തൃശ്ശൂര്‍ പൂരം നടത്തിപ്പിനും തിരുവമ്പാടി ക്ഷേത്രത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് സജീവമായി രംഗത്തുണ്ടായിരുന്നവരാണ് അപകടത്തില്‍ മരിച്ച പൂച്ചെട്ടി സ്വദേശി രമേശനും, പൂങ്കുന്നം സ്വദേശിയായ പനയത്ത് രാധാകൃഷ്ണനുമെന്ന് തിരുവമ്പാടി ദേവസ്വം അധികൃതര്‍ പറയുന്നു.

Loading...

മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യം ദേവസ്വം ചര്‍ച്ച ചെയ്യുമെന്നും ദേവസ്വം വ്യക്തമാക്കി.
തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെ വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ തിരുവമ്പാടി ദേവസ്വം അംഗങ്ങളായ പൂച്ചെട്ടി സ്വദേശിയായ രമേശന്‍, പൂങ്കുന്നം സ്വദേശിയായ പനിയത്ത് രാധാകൃഷ്ണന്‍ എന്നിവര്‍ മരിച്ചു. പഞ്ചവാദ്യക്കാര്‍ക്ക് മേല്‍ കൂറ്റന്‍ ആല്‍മരത്തിന്റെ ശാഖ ഒടിഞ്ഞ് വീണാണ് അപകടമുണ്ടായത്.25 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റിട്ടുള്ളത്. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. എട്ട് പേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഒന്നര മണിക്കൂര്‍ സമയമെടുത്താണ് ഫയര്‍ഫോഴ്‌സ് ആല്‍മരം മുറിച്ച് മാറ്റിയത്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും സമയോചിതമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ആളുകളെ പുറത്തെടുക്കുകയായിരുന്നു.