മഴയ്ക്ക് ശമനമുണ്ടായാൽ തൃശൂർ പൂരം വെടിക്കെട്ട് നാളെ

മഴ മൂലം നടക്കാതെ പോയ തൃശൂർ പൂരം വെടിക്കെട്ട് നാളെ നടത്തിയേക്കും. നാളെ വൈകീട്ട് നാലു മണിക്ക് നടത്തനാണ് സാധ്യത. ഈ മാസം 11 ാം തീയതി പുലർച്ചെ മൂന്ന് മണിക്കായിരുന്നു വെടിക്കെട്ട് നടക്കേണ്ടിയിരുന്നത്. മഴയെ തുടർന്ന് പല തവണ മാറ്റിവെക്കുകയായിരുന്നു. സാംപിൾ വെടിക്കെട്ടും ഉച്ചപ്പൂരം വെടിക്കെട്ടും മാത്രമാണ് ഇതുവരെ നടത്താനായത്. കനത്ത മഴയിൽ വടക്കുന്നാഥ ക്ഷേത്ര മൈതാനം നനഞ്ഞു കുതിർന്നതിനാലാണ് വെടിക്കെട്ട് വൈകിക്കുന്നത്. ഒന്നോ രണ്ടോ ദിവസം വെയിലുദിച്ച് മണ്ണുണങ്ങാതെ വെടിക്കെട്ടു സാമഗ്രികൾ നിരത്താൻ കഴിയില്ല.

വെടിക്കെട്ട് സാമഗ്രികൾ എല്ലാം സുരക്ഷിതമായി പൊലീസ് കാവലിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.മഴ കനക്കുംതോറും പൊലീസിനും ജില്ലാഭരണകൂടത്തിനും പണികൂടും. സൂക്ഷിച്ചിരിക്കുന്നത് അത്യുഗ്രശേഷിയുള്ള വെടിക്കോപ്പുകളാണ്. അധികനാൾ സൂക്ഷിച്ചുവെക്കാനാകാത്ത രീതിയിൽ നിർമ്മിച്ചവയാണിവ. അധികം ചൂടും തണുപ്പും ഏൽക്കാൻ പാടില്ലാത്തതാണ് മിക്കതും. വെടിക്കോപ്പുപുരയിൽ കുറേനാൾ ഇവ അടുക്കിവെക്കാൻ പാടില്ലെന്ന് പെസോ അധികൃതർ വ്യക്തമാക്കുന്നു.

Loading...