തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണു: ശശി തരൂരിന് പരിക്ക്

തിരുവനന്തപുരം: ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. ത്രാസ് പൊട്ടി ഹുക്ക് തലയില്‍ പതിക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ ഗാന്ധാരിയമ്മന്‍ കോവിലില്‍ ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്. ഉടന്‍തന്നെ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ശശി തരൂരിന്റെ തലയില്‍ 6 സ്റ്റിച്ച് ഉണ്ട്.

Loading...

തലയില്‍ മുറിവ് പറ്റി നന്നായി രക്തം വന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. മുറിവ് ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ആശങ്കപ്പെടേണ്ടതില്ലെന്നും നാളെ തന്നെ കെട്ട് അഴിക്കാന്‍ സാധിക്കും എന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തരൂരിനെ ജനറല്‍ ആശുപത്രിയില്‍ നിന്നും കൂടുതല്‍ കിംസ് പോലുളള മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ വിവരം അറിഞ്ഞ് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. തലയ്ക്ക് പരിക്ക് പറ്റിയതോടെ ശശി തരൂരിന്റെ ഇന്നത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ മുടങ്ങിയേക്കും. ശശി തരൂരിന്റെ പ്രചാരണ പരിപാടികള്‍ക്ക് നിലവില്‍ തന്നെ തിരുവനന്തപുരം മണ്ഡലത്തില്‍ പ്രശ്നങ്ങളുണ്ട്. തരൂരിന് പരിക്ക് കൂടി ആയതോടെ പ്രചാരണ പരിപാടികള്‍ കൂടുതല്‍ പരുങ്ങലില്‍ ആയിരിക്കുകയാണ്.