നരഭോജിക്കടുവയെ കുടുക്കാന്‍ മനുഷ്യ രക്തം നിറച്ച പാവക്കെണിയുമായി വനംവകുപ്പ്

നാളുകളായി ഗുണ്ടല്‍പേട്ടില്‍ ഭീതിപരത്തുന്ന നരഭോജിക്കടുവയെ പിടികൂടാന്‍ പാവക്കെണിയുമായി വനം വകുപ്പ്. നരഭോജിയായ കടുവയെ പിടിക്കാന്‍ മനുഷ്യ രക്തം നിറച്ച പാവക്കെണിയാണ് വനം വകുപ്പ് ഒരുക്കിയിരിക്കുന്നത്.

പാവകള്‍ അഞ്ചിടത്താണ് സ്ഥാപിച്ചിരിക്കുന്നത്. കടുവയെ മയക്കുവെടി വെച്ചോ കെണിയില്‍ കുരുക്കിയോ പിടികൂടാനാണ് നിര്‍ദേശം. ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ച ആറ് ആനകളെയാണ് കടുവയെ കുടുക്കാന്‍ എത്തിയിരിക്കുന്നത്. മയക്കുവെടിയില്‍ പരിശീലനം ലഭിച്ച നാല് മൃഗഡോക്ടര്‍മാരും തെരച്ചില്‍ സംഘത്തിനൊപ്പമുണ്ട്.

ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് കര്‍ഷകരുടെ ജീവനാണ് കടുവയുടെ ആക്രമണത്തില്‍ പൊലിഞ്ഞത്. 14 കന്നുകാലികളെയും കടുവ കൊന്നു തിന്നിരുന്നു. ഒരിക്കല്‍ മനുഷ്യ രക്തത്തിന്റെ രുചിയറിഞ്ഞ കടുവ മണം പിടിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് പാവക്കെണി ഒരുക്കി വനംവകുപ്പ് കാത്തിരിക്കുന്നത്.