‘സഭ്യമല്ലാത്ത’ വീഡിയോകള്‍ പുറത്തുവിടുമെന്ന് ഭീഷണി; ടിക് ടോക് താരം ജീവനൊടുക്കി

വിജയവാഡ: ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തനായ യുവാവ് മരിച്ച നിലയില്‍. വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമില്‍ ആയിരക്കണക്കിന് ആരാധകര്‍ ഉണ്ടായിരുന്ന എന്ന് വിശേഷിപ്പിക്കപ്പെട്ട റാഫി ഷെയ്ഖിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നെല്ലൂരിലെ വീട്ടിലെ മുറിയില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ടിക് ടോക് വീഡിയോകളിലൂടെ തിളങ്ങിയ റാഫിയുടെ വിയോഗം ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്.

അതേസമയം യുവാവിന്‍റെ മരണത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച്‌ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്ബ് കുറച്ച്‌ ആളുകള്‍ ചേര്‍ന്ന് റാഫിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചിരുന്നു എന്നാണ് കുടുംബം പൊലീസിനെ അറിയിച്ചത്. വസ്ത്രങ്ങളൊക്കെ അഴിച്ചു മാറ്റി സഭ്യമല്ലാത്ത വീഡിയോകളും ചിത്രീകരിച്ച ഇവര്‍, വീഡിയോകള്‍ പുറത്തുവിടുമെന്ന് ഭീഷണി മുഴക്കിയിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.പൊലീസില്‍ പരാതി പെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും ഇതാകാം ജീവനൊടുക്കാന്‍ റാഫിയെ പ്രേരിപ്പിച്ചതെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

Loading...

കുടുംബം നല്‍കിയ മൊഴി അനുസരിച്ച്‌ റാഫിയുടെ ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് കുറച്ച്‌ ദിവസം മുമ്ബ് ഇയാളെ തട്ടിക്കൊണ്ടു പോയിരുന്നു അധികം വൈകാതെ തന്നെ മോചിപ്പിക്കുകയും ചെയ്തു. കുടുംബം പൊലീസില്‍ പരാതി നല്‍കിയതോടെ ദേഷ്യത്തിലായ ഇവര്‍ റാഫിയെ വീണ്ടും പിടികൂടി ക്രൂരമായി മര്‍ദ്ദിക്കുകയും വീഡിയോകള്‍ ചിത്രീകരിക്കുകയും ചെയ്തു എന്നാണ് ആരോപണം. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് റാഫിയുടെ കുടുംബത്തിന്‍റെ പ്രതികരണം.

സുഹൃത്തായ പെണ്‍കുട്ടിയെ കാണാനായി സമീപത്തെ ഒരു കോഫി ഔട്ട്ലെറ്റില്‍ പോയതാണ് റാഫി. അവിടെ നിന്നും വൈകിട്ടോടെ സുഹൃത്തുക്കളെ കാണാനായി നാരായണ റെഡ്ഡി പേട്ടയിലേക്ക് പോയി. അവിടെ നിന്നും മര്‍ദ്ദനമേറ്റ നിലയിലാണ് മടങ്ങി വന്നത്’ കുടുംബം പറയുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. അതേസമയം മരണത്തിന് പിന്നാലെ യഥാര്‍ഥ കാരണം എന്താണെന്ന് വ്യക്തമല്ല എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ വീട്ടുകാര്‍ നല്‍കിയ മൊഴി അനുസരിച്ച്‌ സംശയമുള്ള ചില ആളുകള്‍ക്ക് സമന്‍സ് നല്‍കിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഇവര്‍ അറിയിച്ചു.

നേരത്തെ ഒരു വാഹനാപകടത്തിന്‍റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് റാഫി ഷെയ്ഖ്. 2019 ല്‍ റാഫി സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ട് ഒപ്പമുണ്ടായിരുന്ന സുഹൃത്തും മറ്റൊരു ടിക് ടോക് താരവുമായിരുന്ന സോനിക കെദാവത്ത് മരിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഉപേക്ഷിക്കുന്നതായി റാഫി പ്രഖ്യാപിക്കുകയും ചെയ്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി) -048-42448830, മൈത്രി (കൊച്ചി)- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ) -044-24640050, സുമൈത്രി -(ഡല്‍ഹി)- 011-23389090, കൂജ് (ഗോവ)- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)