മെട്രോയില്‍ പാലൊഴിച്ച് യുവാവിന്റെ ടിക് ടോക്ക് വീഡിയോ;തെറിവിളിയുമായി യാത്രക്കാര്‍

ലോകം മുഴുവന്‍ കൊവിഡ് ഭീതിയില്‍ മാസ്‌ക്കും ധരിച്ച് കൂടുതല്‍ ജാഗ്രതയോടെ ജീവിക്കുമ്പോള്‍ പ്രാങ്ക് വീഡിയോയുമായെത്തിയ ടിക് ടോക്ക് താരത്തിനെതിരെ തെറിവിളിയുടെ പൂരം. ന്യൂയോര്‍ക്കിലെ പ്രശസ്തനായ ടിക് ടോക് താരം ജോഷ് പോപ്കിന്റെ അതിര് കടന്ന തമാശയാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ടിക് ടോക്കിലൂടെയാണ് യുവാവ് പ്രശസ്തനായത്. 33 ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഇയാള്‍ക്കുള്ളത്. മെട്രോ യാത്രയ്ക്കിടെയാണ് യുവാവ് അതിരുകടന്ന ടിക് ടോക്ക് വീഡിയോ ചെയ്ത് പണി വാങ്ങിയിരിക്കുന്നത്.

സാധാരണ ടിക് ടോക്ക് വീഡിയോകള്‍ ചെയ്ത് ലൈക്കും കമന്റും വാരിക്കൂട്ടിയ താരത്തിന് ഈ സംഭവത്തോടെ തെറിവിളികള്‍ കേള്‍ക്കാനായിരുന്നു യുവാവിന്റെ വിധി. സംഭവം ഇതാണ്. മെട്രോ യാത്രയ്ക്കിടെ ടിക്ക്‌ടോക്കിന്റെ ഭാഗമായി ഇയാള്‍ കൈയിലെ പ്ലാസ്റ്റിക് പാത്രത്തിലെ പാലും ധാന്യങ്ങളും നിലത്തേക്ക് ഒഴിക്കുകയായിരുന്നു. പാലും ധാന്യവും വലിയൊരു പ്ലാസ്റ്റിക് പാത്രത്തില്‍ കൂട്ടിച്ചേര്‍ത്ത് കഴിക്കുകയും അത് അബദ്ധത്തില്‍ കൈയില്‍ നിന്ന് നിലത്തു വീഴുന്നതായി അഭിനയിക്കുകയുമായിരുന്നു ഇയാള്‍. എന്നാല്‍ സംഭവം കൈവിട്ടുപോയി. കൊവിഡ് ഭീതിയില്‍ സഹായാത്രികരെല്ലാം മാസ്‌ക്കും ധരിച്ച് ഇരിക്കുമ്പോഴായിരുന്നു ഇയാളുടെ സാഹസികം.

Loading...

എന്തായാലും സംഭവം കണ്ടതോടെ പേടിച്ച് യാത്രക്കാരെല്ലാം എഴുന്നേറ്റ് പോവുകയും ചെയ്തു. എല്ലാവരും മാറിയതോടെ ഇയാള്‍ താഴെ വീണതെല്ലാം കൈകൊണ്ട് വാരി പാത്രത്തിലിട്ട് അടുത്ത സ്റ്റേഷനില്‍ ഇറങ്ങിപ്പോവുകയായിരുന്നു. അതേസമയം വികലമായ തമാശകള്‍ ചെയ്യുന്നത് മാനസിക വൈകല്യമാണെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. കൂടുതല്‍ വൃത്തിയോടെ ഇരിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് ഇയാള്‍ മെട്രോ മുഴുവന്‍ വൃത്തികേടാക്കിയത്. ഏതായാലും സംഭവം വിവാദമായതോടെ ഇയാളെ അറസ്‌ററ് ചെയ്യണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് ഇതിനോടകം തന്നെ ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഇയാള്‍ മാപ്പു പറഞ്ഞ് തലയൂരുകയായിരുന്നു.