2005-നു മുമ്പുള്ള കറന്‍സി നോട്ടുകള്‍ മാറാനുള്ള അവസാനതീയതി ജൂണ്‍ 30

2005 നു മുൻപായി ഇറക്കിയിട്ടുള്ള ഇന്ത്യന്‍ കറൻസി നോട്ടുകൾ ബാങ്കുകൾക്ക് കൈമാറാൻ ഇനി 10 ദിവസം കൂടി മാത്രം. 500, 1000 ഉൾപ്പെടെയുള്ള പഴയ നോട്ടുകൾ കൈമാറാനുള്ള സമയപരിധി ജൂൺ 30 ന് അവസാനിക്കും. ഇതിനു മുൻപ് കൈമാറിയില്ലെങ്കിൽ ഇവയ്ക്ക് പേപ്പറിന്റെ മൂല്യം മാത്രമേ ഉണ്ടാകൂ. 2005ന് മുന്‍പുള്ള കറന്‍സി നോട്ടുകള്‍ പിന്‍വലിക്കാന്‍ റിസർവ് ബാങ്ക് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. നോട്ടുകൾ പിൻവലിക്കാനുള്ള അവസാന തിയതി ജനുവരി ഒന്ന് ആയിരുന്നെങ്കിലും ഇത് പിന്നീട് ആര്‍ബിഐ ജൂൺ 30 വരെ നീട്ടി നൽകി. ഈ നോട്ടുകളിലുള്ള സുരക്ഷാ പാളിച്ചകള്‍ കണക്കിലെടുത്താണ് ഇവ പിൻവലിക്കാൻ ആർബിഐ തീരുമാനിച്ചത്. ഇതിനായി പഴയ നോട്ടുകൾ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാനോ അടുത്തുള്ള ബാങ്കുകളിൽ നിന്ന് കൈമാറ്റം ചെയ്യാനോ റിസർവ് ബാങ്ക് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. 2005ന് മുന്‍പുള്ള നോട്ടുകള്‍ തിരിച്ചറിയാൻ എളുപ്പമാണ്. ഈ നോട്ടുകളിൽ പിൻഭാഗത്ത് വർഷം അച്ചടിച്ചിട്ടില്ല. ഇവ ബാങ്കുകൾക്ക് കൈമാറി പുതിയ കറൻസി നോട്ടുകൾ വാങ്ങിയില്ലെങ്കിൽ പഴയ നോട്ടുകൾക്ക് മൂല്യമുണ്ടാകില്ല.