പ്രതികളോ ഷംനയോ പറയാത്ത കാര്യങ്ങൾ എന്തിനാണ് അന്തരീക്ഷത്തിൽ നിന്ന് ഊഹിച്ചെടുത്ത് പറയുന്നത്: ഷംനയെ ഭീഷണിപ്പെടുത്തിയ സംഘത്തിലില്ല, നടക്കുന്നത് വ്യാജ പ്രചരണം; വാർത്ത നൽകിയ ഓൺലൈൻ മാധ്യമത്തിനെതിരെ ടിനി ടോം

ഷംന കാസിമിന്റെ ബ്ലാക്ക് മെയിൽ കേസ് സംബന്ധിച്ച് പ്രതികരണവുമായി നടന‍് ടിനി ടോം. ഫേസ്ബുക്ക് ലൈവിലെത്തിയാണ് നടൻ രൂക്ഷമായും വൈകാരികമായും പ്രതികരിച്ചത്. കേസിൽ ബന്ധമുണ്ടെന്ന് പറഞ്ഞ് തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുണ്ടെന്ന് നടൻ ടിനി ടോം വ്യക്തമാക്കുന്നു. ഏറ്റവും വലിയ തോതിൽ തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നുണ്ടെന്നും ഇതിനെതിരെ പരാതി നൽകുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ടിനി ടോം പറയുന്നു.

പ്രതികളുമായി ബന്ധമുണ്ടെന്ന തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ചില‍ർ പ്രചരിപ്പിക്കുന്നുണ്ടെന്നും കേസിൽ തന്നെ പൊലീസ് ചോദ്യം ചെയ്തുവെന്ന തരത്തിൽ സമൂഹ മാധ്യമത്തിൽ വാ‍ർത്ത പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘവുമായി തനിക്കൊരു ബന്ധവുമില്ല. ഇതുമായി ബന്ധപ്പെട്ട് തന്നെ പൊലീസ് വിളിപ്പിച്ചിട്ടില്ല, ചോദ്യം ചെയ്തിട്ടുമില്ല. പിന്നെന്തിനാണ് തനിക്കെതിരെ ഇത്തരം പ്രചരണങ്ങൾ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. പൊലീസിനോടോ, ഷംനയോടോ ഇക്കാര്യം ചോദിക്കാമെന്നും ടിനി പറയുന്നു. ഇങ്ങനെയൊരു കേസിൽ താൻ ഉൾപ്പെട്ടു എന്ന തരത്തിൽ പുറത്തു വന്ന വാ‍ർത്തകൾ തന്നേയും കുടുംബത്തേയും വേദനിപ്പിച്ചെന്നും ഈയാഴ്ച നടക്കുന്ന അമ്മ എക്സിക്യൂട്ടീവ് യോ​ഗത്തിന് ശേഷം വ്യാജപ്രചാരണത്തിനെതിരെ പൊലീസിന് പരാതി നൽകുന്ന കാര്യം തീരുമാനിക്കുമെന്നും ടിനി ടോം വ്യക്തമാക്കി.

Loading...

‘വളരെ ചെറിയ നടനാണ് ഞാൻ. ഒരുപാട് കഷ്ടപ്പെട്ടാണ് ഇതുവരെ എത്തിയത്. ഉറുമ്പുകൂട്ടിവെയ്ക്കുന്നതുപോലെ കൂട്ടി കൂട്ടിയാണ് ഞാൻ എന്റെ എല്ലാ സമ്പാദ്യങ്ങളും ഉണ്ടാക്കിയത്. സെർവിക്കൽ സ്‌പോണ്ടിലോസിസ് എന്ന അസുഖം തന്നെ വന്നത് എന്റെ പതിവായ കെഎസ്ആർടിസി യാത്രയായിരുന്നു. അത്രയേറെ കഷ്ടപ്പെട്ടിട്ടാണ് ഞാൻ ഇവിടെ വരെ എത്തിയതെന്ന് വളരെ വൈകാരികമായാണ് ടിനി ഫേസ്ബുക്ക് ലൈവിലൂടെ പറയുന്നത്’- . ‘ചെയ്യാത്ത കാര്യം പറഞ്ഞാൽ ദൈവം കേൾക്കും. ദൈവത്തിന്റെ ശക്തി വലുതാണ്. മുൻപ് എന്നെ ഭീഷണിപ്പെടുത്തിയ വ്യക്തി അസ്തി ഉരുകുന്ന അപൂർവമായ അസുഖം ബാധിച്ചാണ് മരിക്കുന്നതെന്നും ടിനി ടോം കൂട്ടിച്ചേർത്തു. പ്രതികളോ ഷംനയോ പറയാത്ത കാര്യങ്ങൾ എന്തിനാണ് അന്തരീക്ഷത്തിൽ നിന്ന് ഊഹിച്ചെടുത്ത് പറയുന്നതെന്നും ടിനി ടോം ചോദിക്കുന്നു.

ഓൺലൈൻ മാധ്യമം തനിക്കെതിരെ പകവീട്ടുകയാണെന്നും പറഞ്ഞുവെയ്ക്കുന്നു ടിനി ഫേസ്ബുക്ക് ലൈവിൽ. കഴിഞ്ഞ ദിവസമാണ് ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഷംനയ്ക്ക് വിവാഹാലോചനയുമായി നാലംഗ സംഘം വീട്ടിലെത്തി തുടർന്ന് പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു.