ഡ്രൈവര്‍ക്ക് ബ്രേക്ക് ചെയ്യാന്‍ പോലും സാവകാശം കിട്ടിയില്ല

തമിഴ്‌നാട്ടില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് കണ്ടക്ടറും ഉള്‍പ്പെടെ 20 പേര്‍ മരിച്ചു. ഒമ്പതു പേര്‍ മരിച്ചുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവരില്‍ അഞ്ച് സ്ത്രീകളും 14 പരുഷന്മാരും ഉണ്ടായിരുന്നു. 25 പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഗതാഗതി മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. 48 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇതില്‍ 42 പേരും മലയാളികളാണ്. കോയമ്പത്തൂര്‍ അവിനാശി റോഡില്‍ വച്ചാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ ഏറെയും മലയാളികളാണ്. റോസ്ലി ( പാലക്കാട്), ഗിരീഷ് ( എറണാകുളം, ഇഗ്നി റാഫേല്‍ ( ഒല്ലൂര്‍,തൃശ്ശൂര്‍), കിരണ്‍ കുമാര്‍, ഹനീഷ് ( തൃശ്ശൂര്‍), ശിവകുമാര്‍ ( ഒറ്റപ്പാലം), രാജേഷ്. കെ (പാലക്കാട്), ജിസ്മോന്‍ ഷാജു ( തുറവൂര്‍), നസീബ് മുഹമ്മദ് അലി ( തൃശ്ശൂര്‍), കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ബൈജു, ഐശ്വര്യ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 19 മൃതദേഹങ്ങളും അവിനാശി ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഹെല്‍പ്ലൈന്‍ നമ്ബറുകള്‍: 9495099910, 7708331194

ഡ്രൈവര്‍ക്ക് ബ്രേക്ക് ചെയ്യാന്‍ പോലും സാവകാശം കിട്ടുന്നതിനു മുന്‍പു ബസിനു നേരേ ലോറി വന്നു ഇടിക്കുകയായിരുന്നെന്ന് അപകടത്തില്‍പെട്ട ബസില്‍ യാത്ര ചെയ്തിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി രാമചന്ദ്ര മേനോന്‍ പറഞ്ഞു. അവിനാശിയില്‍ അപകടത്തില്‍പെട്ട കെഎസ്ആര്‍ടിസി ബസില്‍ പിന്നില്‍നിന്നു മൂന്നാമത്തെ നിരയിലാണ് രാമചന്ദ്ര മേനോന്‍ ഇരുന്നിരുന്നത്. പിന്നിലിരുന്നവര്‍ക്കും പരുക്കു പറ്റിയിട്ടുണ്ട്. തന്റെ പിന്നിലെ സീറ്റിലിരുന്ന ഒരാളെ കാലിന് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാക്കിയിട്ടുണ്ട്. ഉറങ്ങുകയായിരുന്നെങ്കിലും പെട്ടെന്നു തന്നെ അപകടമാണെന്ന് തിരിച്ചറിഞ്ഞു. എതിര്‍ദിശയില്‍ വന്ന വാഹനം പെട്ടെന്ന് ട്രാക് മാറി ഇടിച്ചു കയറുകയായിരുന്നു. അതിന്റെ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് കരുതുന്നത്. ബസ് നല്ല വേഗത്തിലായിരുന്നു. അതുകൊണ്ട് നേരെ പോയി ഇടിച്ചു. മുന്നിലുള്ള മിക്ക നിരയും തകര്‍ന്നു പോയി. എല്ലാ സീറ്റുകളും ഇളകിത്തെറിച്ചിട്ടുണ്ട്. തലയ്ക്ക് ഇളക്കമുണ്ടായതിനാല്‍ സിടി സ്‌കാനെടുത്തു. താന്‍ ഇപ്പോള്‍ അവിനാശിയില്‍ രേവതി മെഡിക്കല്‍ സെന്ററില്‍ നിരീക്ഷണത്തിലാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവില്‍ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണു രാമചന്ദ്ര മേനോന്‍

Loading...

ടൈല്‍സുമായി കേരളത്തില്‍ നിന്ന് പോയ കണ്ടെയ്‌നര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. കേരള രജിസ്‌ട്രേഷനിലുള്ള ലോറിയാണ് ഇത്. മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, വി.എസ് സുനില്‍ കുമാര്‍ എന്നിവര്‍ അപകടം നടന്ന സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന വോള്‍വോ ബസാണ് അപകടത്തില്‍​ പെട്ടത്. പുലര്‍ച്ചെ മൂന്നരയ്ക്കാണ് കോയമ്ബത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ച്‌ കെഎസ്‌ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചത്. Kl 15 A 282 ബസാണ് അപകടത്തില്‍പ്പെട്ടത്.

കണ്ടെയ്നര്‍ ലോറി അമിത വേഗത്തില്‍ ഡിവൈഡര്‍ മറികടന്ന് വന്നാണ് ബസില്‍ ഇടിച്ചത് എന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തതെന്നാണ് പൊലീസ് പറയുന്നത്. കെഎസ്‌ആര്‍ടിസി ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
അതേസമയം തമിഴ് നാട്ടിലെ സേലം ദേശീയ പാതയില്‍ മറ്റൊരു ബസ് അപകടത്തില്‍ പെട്ട് അഞ്ച് പേര്‍ മരിച്ചു. നേപ്പാള്‍ സ്വദേശികളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.