കോവിഡ് ബാധിച്ച ടൈറ്റസ് 75 ദിവസം ആശുപത്രിയിൽ: 42 ദിവസം വെന്റിലേറ്ററിലും 20 ദിവസം കോമയിലും: ഒടുവിൽ രോ​ഗമുക്തി

കൊല്ലം: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ മത്സ്യവ്യാപാരിയുടെ സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് അത്ഭുതാവഹമായിരുന്നു. ശാസ്താംകോട്ട ആഞ്ഞിലിമൂട് മാർക്കറ്റിലെ മത്സ്യ വ്യാപാരിയായ ടൈറ്റസാണ് അത്ഭുതകരമായി കൊറോണയോട് പൊരുതി ജീവിതം തിരിച്ചു പിടിച്ചത്. കൂട്ടായി നിന്നത് ആരോ​ഗ്യ പ്രവർത്തകരും ബന്ധുമിത്രാദികളുടെ പ്രാർത്ഥനയും. വൈറസിനോട് രോ​ഗി പോരാടിയത് 75 ദിവസമായിരുന്നു

ഇക്കഴിഞ്ഞ ജൂലൈ ഏഴിനാണ് ടൈറ്റസിന് കോവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോ​ഗം മൂർച്ഛിച്ചതോടെ ഐസിയുവിലേക്കും വെൻ്റിലേറ്ററിക്കും മാറ്റി. ഈ സമയത്തെല്ലാം ടൈറ്റസിന്റെ നില ​ഗുരുതരമായി തുടരുകയായിരുന്നു. തുടർച്ചയായി 42 ദിവസം ടൈറ്റസിനെ വെന്റിലേറ്ററിൽ തന്നെ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അതിൽ തന്നെ 20 ദിവസം കോമയിൽ. എങ്കിലും ഈ രോ​ഗിയെ കൈവിടാൻ ആരോ​ഗ്യപ്രവർക്കർക്കായില്ല.

Loading...

വിവിധ വകുപ്പുകളുടെ മേധാവികളും ഡോക്ടർമാരും ചേർന്ന് നിരന്തരം ആരോഗ്യ പുരോഗതി നിരീക്ഷിച്ചു. രണ്ടുതവണ പ്ലാസ്മ തെറാപ്പി ചികിത്സയും നടത്തി. പതിനായിരത്തിലധികം രൂപ വിലയുള്ള ജീവൻരക്ഷാ മരുന്നുകളുടെ നിരവധി ഡോസുകൾ നൽകി. മുപ്പതോളം തവണ വെൻറിലേറ്ററിൽ വെച്ച് തന്നെ ഡയാലിസിസ് ചെയ്തു. നിരന്തരമായി ഡയാലിസിസ് നടത്തേണ്ടിയിരുന്നതിനാൽ ആറു ലക്ഷം രൂപ ചിലവിൽ ഐസിയുവിൽ തന്നെ ഡയാലിസിസ് മെഷീനുകൾ സ്ഥാപിച്ചു.

വൈറസ് ബാധയെ തുടർന്ന് ടൈറ്റസിന്റെ ആന്തരികാവയവങ്ങൾ പലതും പ്രവർത്തന ക്ഷമത നഷ്ടപ്പെടുകയും കിഡ്നി സംബന്ധമായ അസുഖങ്ങൾ ഉണ്ടാവുകയും ചെയ്തതോടെ ഡോക്ടർമാരുടെ പ്രതീക്ഷ മങ്ങിയിരുന്നു. ചിട്ടയോടെയുള്ള ചികിത്സയുടെയും നിരീക്ഷണത്തിൻ്റേയും ഫലമായി 75 ദിവസത്തിന് ശേഷം ടൈറ്റസ് കൊവിഡ് നെഗറ്റിവായി. ഏകദേശം 32 ലക്ഷം രൂപയാണ് ടൈറ്റസിന്റെ ചികിത്സയ്ക്കായി സർക്കാർ ചെലവിട്ടത്. ഇനി സാധാരണ ജീവിതത്തിലേക്ക് ടൈറ്റസ് മടങ്ങിവരും. ഒരു മനുഷ്യായുസ്സിൽ പറഞ്ഞാലും തീരാത്ത നന്ദയുമായി !