അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടുമ്പോള്‍ അവസാനിക്കുന്നത് 81 കാരിയുടെ 28 വര്‍ഷം നീണ്ട ഉപവാസം

ഭോപ്പാല്‍: വര്‍ഷങ്ങളുടെ അനിശ്ചിതത്വത്തിനും നിയമപോരാട്ടത്തിനും ഒടുവില്‍ ഇന്ന് അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടുമ്പോള്‍ അവസാനിക്കുന്നത് മറ്റൊരു ചരിത്രം കൂടിയാണ്. 28 വര്‍ഷം നീണ്ടു നിന്ന ഉപവാസം അവസാനിപ്പിക്കാനൊരുങ്ങുകയാണ് 81 കാരിയായ ഊര്‍മിള ചതുര്‍ദേവി. 1992ല്‍ അയോധ്യയിലെ തര്‍ക്ക ഭൂമിയിലുണ്ടായ പ്രശ്നങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഇവര്‍ ഉപവാസം ആരംഭിച്ചത്. അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മാണം ആരംഭിക്കുമ്പോള്‍ മാത്രമേ ഇനി താന്‍ ആഹാരം കഴിക്കൂ എന്നാണ് ഇവര്‍ അന്ന് പ്രഖ്യാപിച്ചത്. പിന്നീട് രാമായണം വായിച്ചും പ്രാര്‍ഥനകള്‍ നടത്തിയും പഴങ്ങള്‍ മാത്രം കഴിച്ചും ഇവര്‍ ജീവിതം മുന്നോട്ട് തള്ളി.

53 വയസുള്ളപ്പോഴായിരുന്നു ഊര്‍മിള ഉപവാസം ആരംഭിച്ചത്. ബന്ധുക്കള്‍ ഉപവാസം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും തന്റെ പ്രതിജ്ഞയില്‍ ഊര്‍മിള ഉറച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍ പിന്നീട് തര്‍ക്ക പ്രദേശത്ത് രാമ ക്ഷേത്രം നിര്‍മിക്കാന്‍ അനുവാദം നല്‍കിയ സുപ്രീം കോടതിയുടെ വിധിയില്‍ അവര്‍ അതീവ സന്തോഷവതിയായിരുന്നു. പിന്നാലെ വിധി പുറപ്പെടുവിച്ച ജഡ്ജിമാരേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അഭിനന്ദിച്ച് അവര്‍ കത്തുമയച്ചു.അയോധ്യയില്‍ പോയി സരയൂ നദിയില്‍ കുളിച്ച് ശ്രീരാമന്റെ അനുഗ്രഹം വാങ്ങിയ ശേഷം ഉപവാസം അവസാനിപ്പിക്കാനാണ് ഊര്‍മിളയുടെ ആഗ്രഹം. ഊര്‍മിളയുടെ ഉപവാസത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും അഭിനന്ദിച്ചിരുന്നു.

Loading...