ടോക്യോ ഒളിമ്പിക്‌സ്; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായ സിന്ധുവും മേരി കോമും ഇന്ന് പോരാട്ടത്തിനിറങ്ങുന്നു

ടോക്യോ ഒളിമ്പിക്സിൽ മെഡൽപ്രതീക്ഷയോടെ ഇന്ത്യ ഇന്ന് മത്സരത്തിനിറങ്ങുന്നു. ആറുവട്ടം ലോകചാമ്പ്യനായ ഇന്ത്യയുടെ മേരി കോം വനിതകളുടെ 48 കിലോഗ്രാം ബോക്സിങ് വിഭാഗത്തിൽ മത്സരിക്കും. മെഡൽപ്രതീക്ഷ പുലർത്തുന്ന മേരി നോക്കൗട്ട് റൗണ്ടിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ മിഗ്വലീന ഗാർഷ്യ ഹെർണാണ്ടസിനെ നേരിടും. പുരുഷവിഭാഗത്തിൽ മനീഷ് കൗശിക് ബ്രിട്ടന്റെ ലൂക്ക് മാക് കോർമാക്കിനെ നേരിടും.

അതേസമയം ബാഡ്മിന്റനിൽ മെഡൽ പ്രതീക്ഷയുമായി വനിതാ വിഭാഗത്തിൽ പി.വി. സിന്ധു ഇസ്രായേലിന്റെ സെനിയ പോളികാർപ്പോവയെ നേരിടും.

Loading...

ഇന്ന് പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ ദിവ്യനേഷ് സിങ് പൻവാറും ദീപക് കുമാറും മത്സരിക്കും. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യ മെഡൽപ്രതീക്ഷ പുലർത്തുന്നുണ്ട്. മനു ഭേക്കറും യശ്വസിനി സിങ് ദേശ്വാളുമാണ് ഇറങ്ങുന്നത്.

ഹോക്കിയിൽ ആദ്യകളിയിൽ ജയിച്ച ഇന്ത്യൻ പുരുഷ ടീം പൂൾ എ-യിലെ രണ്ടാം മത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയെ നേരിടും.

ടേബിൾ ടെന്നീസ് മത്സരത്തിൽ പുരുഷവിഭാഗം സിംഗിൾസിൽ സതിയൻ ജ്ഞാനശേഖരൻ ഹോങ്കോങ്ങിന്റെ ഹാങ് സിയു ലാമിനെ രണ്ടാം റൗണ്ടിൽ നേരിടും. വനിതാ വിഭാഗം രണ്ടാം റൗണ്ടിൽ മനിക ബത്ര യുക്രൈന്റെ മാർഗരറ്റ പെസോറ്റ്സ്കയുമായി കളിക്കും.

ടെന്നീസ് മത്സരത്തിൽ വിജയം കൊയ്യാൻ വനിതാ ഡബിൾസിൽ പ്രതീക്ഷകളോടെ സാനിയ മിർസ-അങ്കിത റെയ്ന സഖ്യം ആദ്യറൗണ്ട് പോരാട്ടത്തിനിറങ്ങുന്നു. യുക്രൈന്റെ ല്യൂഡ്യല കിച്ചനോക്ക്-നാദിയ കിച്ചനോക്ക് സഖ്യത്തെ നേരിടും.